Guest Book Credits Panel Members
 
 
In Memories (Malayalam)
മായാത്ത കാല്‍പാടുകള്‍
By E. Ahamed
കണ്ടനാള്‍ തൊട്ട് അന്ത്യം വരെ സ്‌നേഹ പരിഗണനകള്‍ കൊണ്ട് എന്നെ പ്രചോദിപ്പിച്ച ശക്തികേന്ദ്രമായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ത മാക്കി യതെന്തായിരുന്നു? ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സാന്ത്വനവും ശാന്തിയും പകര്‍ന്ന് നല്‍കിയ മഹാനായ ഒരു നേതാവ്. അദ്ദേഹത്തോടൊപ്പം നിരവധി അനുഭവങ്ങ ളുണ്ടായതിനാല്‍ തന്നെ മറ്റുള്ളവര്‍ ശിഹാബ് തങ്ങളെ വിലയിരുത്തുന്നത് എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാറുണ്ട് പലപ്പോഴും.

ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അത്യധികമായ അനുശോചനവും ശിഹാബ് തങ്ങളോടുള്ള ആദരവും പ്രകടിപ്പിക്കുന്ന ലേഖനങ്ങളും മുഖപ്രസംഗങ്ങളും മരണത്തിന്റെ പിറ്റേന്ന് മലയാളം - ഇംഗ്ലീഷ് പത്രങ്ങളില്‍ വന്നു. എല്ലാ പത്രങ്ങളും അപരിഹാര്യമായ നഷ്ടത്തില്‍ ഹൃദയംഗമമായ അനുശോചനം പ്രകടിപ്പിച്ചു. എന്നെ ഏറ്റവും ആകര്‍ഷിച്ചത് ''ഇന്ത്യന്‍ എക്‌സ്പ്രസ്സ്'' പത്രത്തിലെ 2009 ആഗസ്റ്റ് 3-ാം തിയ്യതിയിലെ മുഖപ്രസംഗമായിരുന്നു.

ഹൃദയസ്പൃക്കും ഉജ്ജ്വലവുമായ മുഖപ്രസംഗം. ശീര്‍ഷകം അതിന്റെ ഉള്‍ക്കനം വിളിച്ചോതുന്നു: last prophet of secular politics. മുഖപ്രസംഗത്തില്‍ ശിഹാബ് തങ്ങളെക്കുറിച്ച് കാച്ചിക്കുറുക്കിയ വാക്കുകള്‍ ''the modest, Quiet and intellectual panakkad mohamedali shihab thangal'' ചെന്നൈയിലുള്ള പത്രാധിപരും എന്റെ സ്‌നേഹിതനുമായ ശ്രീ. സുദര്‍ശനെ വിളിച്ചു. എന്റെയും ശിഹാബ് തങ്ങളുടെ സഹപ്രവര്‍ത്തകരുടെയും പേരില്‍ നന്ദി പറയാനാണ് വിളിച്ചത്. എന്നാല്‍ ആ മുഖപ്രസംഗമെഴുതിയത് താനല്ല എന്നും കൊച്ചി യൂണിറ്റിലെ ശ്രീ. മനോജ് കെ. ദാസ് ആണെന്നും പത്രാധിപര്‍ സുദര്‍ശന്‍ എന്നെ അറിയിച്ചു. ഞാനപ്പോള്‍ തന്നെ കൊച്ചി ഇന്ത്യന്‍ എക്‌സ്പ്രസ്സ് യൂണിറ്റിലെ മനോജ് ദാസിനെ ഫോണില്‍ വിളിച്ച് നല്ലൊരു മുഖപ്രസംഗ മെഴുതിയതില്‍ ശിഹാബ് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഹൃദയംഗമമായ നന്ദി അറിയിച്ചു. അപ്പോള്‍ ശ്രീ. മനോജ് ദാസ് പറഞ്ഞത് എന്നെ സ്തബ്ധനാക്കി. ''ഞാനദ്ദേഹത്തെ കാണുകയോ അദ്ദേഹവുമായി ഒരിക്കല്‍പോലും ഇടപെടുകയോ ചെയ്തിട്ടില്ല, എന്നാല്‍ ശിഹാബ് തങ്ങളുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങളായി സസൂക്ഷ്മം, നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു.'' 
 
ജീവിതത്തിന്റെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഇങ്ങനെയുള്ള എത്രപേര്‍ ശിഹാബ് തങ്ങളറിയാതെ അദ്ദേഹവുമായി ആത്മബന്ധം പുലര്‍ത്തിയിരിക്കും. എം.ടി വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, യൂസുഫലി കേച്ചേരി, എം.ജി.എസ്, സുകുമാര്‍ അഴീക്കോട്, വി.ആര്‍. കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ എന്തുകൊണ്ട് ശിഹാബ് തങ്ങള്‍ ജനങ്ങളുടെ പ്രിയങ്കരനായി എന്നതിന്റെ വാചാലമായ വിശദീകരണമാണ്.
 
അദ്ദേഹം മറ്റുള്ളവരുമായി കാത്തുസൂക്ഷിക്കുന്ന ഹൃദയബന്ധം, അത് വാക്കുകള്‍ക്കതീതമാണ്. നിര്യാണ വാര്‍ത്തയറിഞ്ഞ് മലപ്പുറത്തേക്കും പാണക്കാട്ടേക്കും കുതിച്ചെത്തിയ ജനലക്ഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് അവര്‍ക്കദ്ദേഹത്തോടുള്ള നിര്‍വ്വചിക്കാനാവാത്ത സ്‌നേഹ ബന്ധമാണ്. രാഷ്ട്രീയമായി അദ്ദേഹത്തെ നേതാവായി കാണാത്തവര്‍ക്കും അദ്ദേഹം സമാദരണീയനായിരുന്നു. രാഷ്ട്രീയത്തിന്റെയും സമുദായത്തിന്റെയും അപ്പുറത്ത് ജനലക്ഷങ്ങളുടെ മനസ്സില്‍ അദ്ദേഹം ഉണ്ടായിരുന്നു. ഈ സ്‌നേഹബന്ധത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണാത്തവര്‍ പോലും ആ വിയോഗത്തില്‍ ഹൃദയഭാരത്താല്‍ മൂകരാകുന്നത് നാം കണ്ടു.
 
ഒരു തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന കൊടപ്പനക്കല്‍ തറവാടുമായി എന്റെ പൊതു പ്രവര്‍ത്തനം തുടങ്ങുന്ന നാളുകള്‍തൊട്ട് എനിക്ക് ബന്ധമുണ്ട്. പൂക്കോയ തങ്ങളുടെ മൃദുലമായ കരസ്പര്‍ശം എന്റെ നെറ്റിയില്‍ ഇപ്പോഴും ഉള്ളതുപോലെ. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് 1962-ല്‍ ആദ്യമായി മഞ്ചേരിയില്‍ മത്സരിച്ചപ്പോള്‍ പാണക്കാട് പൂക്കോയ തങ്ങളുടെ കൂടെ ചില പ്രവര്‍ത്തക കേന്ദ്രങ്ങളില്‍ പോകാന്‍ പാര്‍ട്ടി എന്നെയാണ് നിയോഗിച്ചത്. ജനങ്ങളദ്ദേഹത്തോട് കാണിച്ച ആദരവ് അത്ഭുതകരമായിരുന്നു. അദ്ദേഹത്തിന്റെ മൃദുവചനങ്ങള്‍ക്ക് ചെവിയോര്‍ക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും അവര്‍ കൂട്ടത്തോടെ എത്തിച്ചേര്‍ന്നു. മലയിടുക്കായിരുന്ന ആതവനാടില്‍ ഞാനാദ്യം പോയതും അന്നായിരുന്നു.
 
കൊടപ്പനക്കല്‍ തറവാടുമായുള്ള എന്റെ ബന്ധം പൂക്കോയ തങ്ങളുടെ മക്കളിലേക്കും പടര്‍ന്നു. ഈജിപ്തില്‍ ഉന്നത പഠനം കഴിഞ്ഞെത്തിയ മൂത്ത മകന്‍ ശിഹാബ് തങ്ങളുമായി തുടക്കത്തില്‍ തന്നെ എനിക്ക് ബന്ധമുണ്ട്. സംഘടനാ കാര്യങ്ങള്‍ക്കായും മറ്റും പൂക്കോയ തങ്ങളെ കാണാനെത്തുമ്പോഴെല്ലാം ഔട്ട് ഹൗസിന്റെ മാളികപ്പുറത്തെ മുറിയില്‍ ശിഹാബ് തങ്ങളുമായി സൗഹൃദം പങ്കിടാനും സംസാരിക്കാനും അവസരങ്ങള്‍ ലഭിച്ചിരുന്നു. ഒരു ഗാഢസൗഹൃദമായി ഈ ബന്ധം വളര്‍ന്നു.
ജനങ്ങളുമായുള്ള ആത്മാര്‍ത്ഥമായ അടുപ്പം, ആരുടേയും വേദന കേള്‍ക്കാനും അത് പരിഹരിക്കാനുമുള്ള സന്നദ്ധത. അതായിരുന്നു തങ്ങള്‍. ഏവര്‍ക്കും എപ്പോഴും ചെന്നു മുട്ടാവുന്ന വാതിലായിരുന്നു അത്. എത്രയോ സംഭവങ്ങള്‍ എനിക്ക് ഓര്‍ത്തെടുക്കാനുണ്ട്.
 
അക്കാലത്തെ പ്രമുഖ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന അഹമ്മദ് ഷായോടൊപ്പം ഞാന്‍ പലതവണ പാണക്കാട് വന്നിട്ടുണ്ട്. അഹമ്മദ് ഷാക്ക് പൂക്കോയ തങ്ങളെ കണ്ട് ദുആ ചെയ്യിക്കുക എന്നത് ഒരു നിഷ്ഠയായിരുന്നു. ഞാന്‍ തലശ്ശേരിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ അന്ന് എന്റെ സീനിയറായിരുന്ന (ജസ്റ്റിസ്) വി. ഖാലിദ് സാഹിബുമൊത്ത് ഒരിക്കല്‍ പാണക്കാട്ട് വന്നത് മറക്കാനാവാത്ത  ഓര്‍മ്മയാണ്. ഞങ്ങളെ സ്വീകരിക്കുമ്പോഴേ പാണക്കാട് തങ്ങള്‍ പറഞ്ഞു: ''ഊണ് കഴിഞ്ഞിട്ടേ പോകാവൂ..'' അന്ന് ഖാലിദ് സാഹിബ് ജഡ്ജിയായിട്ടില്ല. ഒട്ടുവളരെ നേരം ഖാലിദ് സാഹിബും ഞാനും ശിഹാബ് തങ്ങളുടെ മുറിയില്‍ ഇരുന്നു. പില്‍ക്കാലത്തും തങ്ങള്‍ ഇടക്കിടെ ഓര്‍മ്മിക്കാറുണ്ടായിരുന്നു; ഖാലിദ് സാഹിബിന്റെ വശ്യമായ പെരുമാറ്റവും മുസ്‌ലിം നിയമത്തെപ്പറ്റിയുള്ള അഗാധമായ വിജ്ഞാനവും.
 
ഞാനിപ്പോഴും ഓര്‍ക്കുന്നു. 38 വര്‍ഷങ്ങള്‍ മുമ്പ്. ശിഹാബ് തങ്ങളോടുള്ള എന്റെ അടുപ്പം വര്‍ദ്ധിക്കുന്നത് ഒരു യാത്രയോട് കൂടിയാണ്. 1971ല്‍ തൊടുപുഴയില്‍ ഒരു പൊതുപരിപാടിയില്‍ സംബന്ധിക്കേണ്ടിയിരുന്നത് പൂക്കോയ തങ്ങളായിരുന്നു. ചില അസൗകര്യങ്ങള്‍ നിമിത്തം ആ യാത്ര അദ്ദേഹത്തിന് സാധ്യമായില്ല. പകരക്കാരനായി മകന്‍ ശിഹാബ് തങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് തീരുമാനമായി. തങ്ങളുടെ കൂടെ ഒരാള്‍ പോകണം. അന്ന് ഞാനന്ന് സംസ്ഥാന ഗ്രാമവികസന ബോര്‍ഡിന്റെ ചെയര്‍മാനാണ്. സി.എച്ച്. എന്നെ വിളിച്ച് ശിഹാബ് തങ്ങളെ അനുഗമിക്കാന്‍ പറഞ്ഞു. തിരിച്ചു വരുമ്പോള്‍ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു രാത്രി തങ്ങിയത്. അതിരാവിലെ എഴുന്നേറ്റ് ശിഹാബ് തങ്ങള്‍ കായല്‍ സൗന്ദര്യവും ആസ്വദിച്ച് നില്‍ക്കുമ്പോള്‍ ഗസ്റ്റ് ഹൗസ് വളപ്പില്‍ ഒരു വാഹനം. അതില്‍ സഞ്ചാരികളായി ഒരു സായിപ്പും മദാമയും. ആ വാനിലാണ് അവര്‍ താമസം. അന്ന് അധികം പ്രചാരമില്ലാത്ത ഈ വാഹനം കണ്ട് കൗതുകമായി. സായിപ്പുമായി പരിചയപ്പെട്ടു. അതിലെ അത്യപൂര്‍വ്വ സൗകര്യങ്ങളെല്ലാം തങ്ങള്‍ കയറിക്കണ്ടു. കെമിക്കല്‍ ലാവട്ടറി ശുചീകരണം നടക്കുന്ന അതിലെ ടോയ്‌ലെറ്റ് അന്ന് ഒരു അപൂര്‍വ്വതയായിരന്നു. വണ്ടിയുടെ ഓരോ കാര്യവും തങ്ങള്‍ ഒരു കുട്ടിയെപ്പോലെ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഈ ജിജ്ഞാസ തങ്ങളുടെ ജീവിതത്തിന്റെ മുഖമുദ്ര തന്നെയായിരുന്നു. പിന്നീട് പലപ്പോഴും പുതിയ കാര്യങ്ങള്‍ അറിയാന്‍ തങ്ങള്‍ അതീവ ശ്രദ്ധ കാണിക്കുമ്പോള്‍ ഞാന്‍ പഴയ സായിപ്പിനെയും മദാമ്മയേയും അവരുടെ വാഹനത്തിനേയും ഓര്‍ത്തുപോകും. എന്ത് പുതിയത് കണ്ടാലും പഠിക്കാനും മനസ്സിലാക്കാനും അദ്ദേഹത്തിന് വലിയ താല്‍പ്പര്യമായിരുന്നു.
 
ഒട്ടേറെ അനുഭവങ്ങള്‍ നല്‍കിയ മറ്റൊരു യാത്രയായിരുന്നു 1995ല്‍ യമനില്‍ നടത്തിയത്. ഹളര്‍മൗത്തില്‍ തന്റെ പൂര്‍വ്വീകരുടെ വേരുകള്‍ തേടാന്‍ ഈ യാത്ര അദ്ദേഹത്തിനുപകരിച്ചു. ചരിത്രത്തിലും സാംസ്‌ക്കാരിക പൈതൃകങ്ങളിലും തികഞ്ഞ പണ്ഡിതന്‍ തന്നെയായിരുന്നു അദ്ദേഹം. യമനിലെ ചരിത്രസ്മാരകങ്ങള്‍ കണ്ടു. മണ്ണില്‍ തീര്‍ത്ത കൊട്ടാരങ്ങള്‍ സന്ദര്‍ശിച്ചു. സനായിലെ പ്രാന്തപ്രദേശത്ത് ബല്‍ക്കീസ് രാഞ്ജിയുടെ കൊട്ടാരം ചുറ്റിക്കണ്ടു. ഇതില്‍ പലതിനെക്കുറിച്ചും തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. പഠിക്കാനും മനസ്സിലാക്കാനുമുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യം മൂലം ബഹുമുഖമായ വിഷയങ്ങളില്‍ അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. പലരും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വശമാണിത്.
 
ഞാന്‍ വിദേശകാര്യ സഹമന്ത്രിയായിരിക്കെ ഒരു ദിവസം അര്‍ദ്ധരാത്രി ഒരു ഫോണ്‍. വിളിക്കുന്നത് ശിഹാബ് തങ്ങള്‍. സാധാരണയായി ആ സമയത്ത് അദ്ദേഹം ഫോണ്‍ ചെയ്യാറില്ല. നമുക്ക് അദ്ദേഹത്തെ ഏത് അര്‍ദ്ധരാത്രിയിലും വിളിക്കാം. അദ്ദേഹം അസമയങ്ങളില്‍ ഇങ്ങോട്ട് വിളിക്കാറില്ല. ഈ അസാധാരണ കോളിന് അടിയന്തര കാര്യമുണ്ടാകുമെന്ന് തീര്‍ച്ച. സംഗതി ഒരാളുടെ യാത്രാപ്രശ്‌നവുമായി ബന്ധപ്പെട്ടതാണ്. ദോഹയില്‍ നിന്ന് അബൂദാബിയിലേക്ക് കുടുംബ സമേതം പോകാനെത്തിയ ഒരാളെ ദോഹ വിമാനത്താവളത്തില്‍ പിടിച്ചു വെച്ചിരിക്കുന്നു. യാത്രാരേഖകളില്‍ വ്യത്യാസം. ജയിലിലേക്കാണ് കൊണ്ടുപോകുക.
 
അദ്ദേഹം തങ്ങളുടെ നമ്പറില്‍ വിളിച്ചു കാര്യം പറഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ജയിലിലേക്കാണ്, രക്ഷപ്പെടണമെങ്കില്‍ മന്ത്രി വിളിച്ച് കാര്യം പറഞ്ഞാല്‍ നടക്കുമെന്ന് അയാള്‍ ശിഹാബ് തങ്ങളെ അറിയിക്കുന്നു. അതാണ് ശിഹാബ് തങ്ങളുടെ വിളി. ആ സമയത്ത് എന്താണ് ചെയ്യുക. ഞാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു. ഉടനെ ദോഹയിലെ ഇന്ത്യന്‍ അംബാസഡര്‍ രഞ്ജന്‍ മത്തായിയെ വിളിച്ചു അസമയത്ത് ബുദ്ധിമുട്ടിക്കുന്നതിന് ക്ഷമിക്കണം എന്ന മുഖവുരയോടെ കാര്യം പറഞ്ഞു. സാധ്യമായത് എന്തെങ്കിലും ചെയ്യണം. നേരം വെളുത്താല്‍ എന്നല്ല മണിക്കൂറുകള്‍ കഴിഞ്ഞാല്‍ തന്നെ യാത്രക്കാരന്‍ ജയിലിലേക്ക് പോകും. ശിഹാബ് തങ്ങളുടെ അഭ്യര്‍ത്ഥനയാണെന്നറിഞ്ഞപ്പോള്‍ അംബാസഡര്‍ക്കും കാര്യം കൂടുതല്‍ ബോധ്യപ്പെട്ടു. അംബാസഡര്‍ നേരിട്ട് ദോഹ അധികൃതരുമായി ബന്ധപ്പെട്ടു. സ്വന്തം ഉത്തരവാദിത്തത്തില്‍ യാത്രക്കാരനെയും കുടുംബത്തെയും അബൂദാബിയിലേക്ക് അയച്ചു. ശിഹാബ് തങ്ങളുടെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ് ഇത് നടന്നത്. ഞാന്‍ ഇക്കാര്യം തങ്ങളെ ഉടനെ അറിയിക്കുകയും ചെയ്തു.
 
ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി മുമ്പ് റിയാദിലെ ഇന്ത്യന്‍ സ്ഥാനപതി ആയിരിക്കെ ഇടപെടേണ്ടി വന്ന ഒരു കാര്യത്തിനു പിന്നിലും ശിഹാബ് തങ്ങളായിരുന്നു. തങ്ങളുടെ കത്തുമായി ഒരാള്‍ എന്നെ വന്നു കണ്ടു. പാവപ്പെട്ട ഒരു കുടുംബനാഥന്‍. കുടംബത്തിന്റെ ആകെ ആശ്രയമായ മകളുടെ ഭര്‍ത്താവ് സഊദി അറേബ്യയില്‍ ഒരു കള്ളക്കേസില്‍ പിടിക്കപ്പെട്ടിരിക്കുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം റിയാദിലേക്ക് പോയതാണ്. ആകെയുള്ള രേഖ പിതാവ് ഇന്ത്യന്‍ എംബസിയിലേക്ക് അയച്ച കത്തിന്റെ കോപ്പി. നിരപരാധിയായ ഈ യുവാവിനെ രക്ഷിക്കാന്‍ ആവശ്യമായത് ചെയ്യണം എന്നാണ് കത്തില്‍ തങ്ങള്‍ ആവശ്യപ്പെടുന്നത്. തന്റെ പൊന്നോമന മകളുടെ ഹൃദയവ്യഥ പറഞ്ഞ ആ മനുഷ്യന്‍ ഡല്‍ഹിയിലെ വീട്ടില്‍ പൊട്ടിക്കരഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു. ഞാന്‍ അന്ന് എം.പി.യായിരുന്നു. ഞാന്‍ അംബാസഡര്‍ ഹാമിദ് അന്‍സാരിയുമായി ബന്ധപ്പെട്ടു. കുഴഞ്ഞുമറിഞ്ഞ പ്രശ്‌നമായിരുന്നു. രാജാവിനെപ്പോലെയുള്ള ഒരു നാട്ടു പ്രമാണിയുടെ അപ്രമാദിത്വം. ആ സ്‌പോണ്‍സര്‍ അറസ്റ്റ് ചെയ്യിച്ച് ജയിലിലടച്ചതാണ്. നിയമപരമായ കുറേ ശ്രമങ്ങള്‍ക്കൊടുവില്‍ യുവാവ് ജയില്‍ മോചിതനായി നാട്ടില്‍ തിരിച്ചെത്തി. ഇതിന് മുമ്പ് ഇങ്ങനെ പിടിക്കപ്പെട്ട ആരും ജയിലില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്നും ഇത് ഏതോ അത്ഭുത ശക്തികൊണ്ട് സംഭവിച്ചതാണെന്നും ഹാമിദ് അന്‍സാരി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
 
സഹായം ആവശ്യമാണ് എന്ന് തോന്നുന്നവരുടെ കാര്യത്തില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്ന സ്‌നേഹനിധിയായിരുന്നു തങ്ങള്‍. സാക്ഷരതാ പ്രവര്‍ത്തനത്തിന് ദേശീയ അവാര്‍ഡ് നേടിയ റാബിയയുടെ ഹജ്ജ് യാത്രക്ക് വേണ്ടി തങ്ങള്‍ പ്രത്യേക താല്‍പ്പര്യമെടുത്തത് ഞാന്‍ ഓര്‍ത്തു പോകുന്നു. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍!
 
സുദീര്‍ഘമായ മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം മുസ്‌ലിംലീഗ് സംഘടനക്ക് അനിഷേധ്യമായ നേതൃത്വം നല്‍കി. 'Muslim League Supremo' എന്നാണ് മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചുകൊണ്ടിരുന്നത്. എല്ലാ സുപ്രധാന തീരുമാനങ്ങളും സ്വീകരിക്കാന്‍ സംഘടന ഏകകണ്ഠമായി അദ്ദേഹത്തെ അധികാരപ്പെടുത്തുകയായിരുന്നു. 1975ല്‍ പൂക്കോയ തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് സി.എച്ചിന്റെയും ബി.വി. അബ്ദുല്ലക്കോയ സാഹിബിന്റെയും സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹം സംസ്ഥാന പ്രസിഡണ്ട് പദം ഏറ്റെടുത്തത്. സി.എച്ചും ശിഹാബ് തങ്ങളും തമ്മില്‍ പരസ്പരാദരത്തിന്റെയും സ്‌നേഹത്തിന്റെയും ഈടുറ്റ ബന്ധമായിരുന്നു. രണ്ടു പേരും പരസ്പ്പരം വെച്ചുപുലര്‍ത്തിയ സ്‌നേഹ ബഹുമാനങ്ങള്‍ക്ക് എത്രയോ തവണ ഞാന്‍ സാക്ഷിയായിട്ടുണ്ട്.
 
മുസ്‌ലിം സമുദായത്തിന്റെയും സംഘടനയുടെയും വിശാല താല്‍പ്പര്യങ്ങളാണ് ശിഹാബ് തങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചത്. ഇഷ്ടദാന ബില്ലും അതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളും ഞാനോര്‍ക്കുന്നു. 1979ല്‍ അന്നത്തെ മുന്നണി ഏതാണ്ടവസാനിക്കുന്ന പ്രതീതിയായിരുന്നു. മുസ്‌ലിംലീഗ് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഉറച്ചു നിന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും കേരളാ കോണ്‍ഗ്രസും സി.പി.ഐ - ആര്‍.എസ്.പി. കക്ഷികളും ഇടത് മുന്നണിയിലേക്ക് മാറിയെങ്കിലും മുസ്‌ലിംലീഗ് ജനാധിപത്യ ചേരിയില്‍ തന്നെ നിന്നു.
1982ല്‍ ഐക്യമുന്നണി വിട്ടുപോയവര്‍ തിരിച്ചു വന്നു വീണ്ടും ശക്തമായി അധികാരത്തിലേറുന്നതാണ് കേരളം കണ്ടത്. തങ്ങളുടെ ഉറച്ച തീരുമാനവും നേതൃത്വവും അതിനു പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നതിലായിരുന്നു മാനസികമായി തങ്ങള്‍ക്ക് ആഭിമുഖ്യം. ഡല്‍ഹിയില്‍ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. മുസ്‌ലിംലീഗ് പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക് ശേഷം ശിഹാബ് തങ്ങളും സോണിയാ ഗാന്ധിയും മാത്രം സംഭാഷണം നടത്തിയ സന്ദര്‍ഭം ഞാനോര്‍ക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് ബന്ധം തുടരണമെന്നായിരുന്നു ഇരുവരും ആഗ്രഹിച്ചത്.
 
സോണിയാ ഗാന്ധി ശിഹാബ് തങ്ങളോട് പറഞ്ഞു: 'എന്റെ മദര്‍ഇന്‍ലോയും താങ്കളുടെ ഫാദര്‍ ഇന്‍ലോയും (ഇന്ദിരാഗാന്ധിയും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും) ചേര്‍ന്നുണ്ടാക്കിയ സഖ്യമാണിത്. നമുക്കിത് തുടരാം.' ശിഹാബ് തങ്ങള്‍ സംസ്ഥാന മുസ്‌ലിംലീഗ് അദ്ധ്യക്ഷ പദവി ഏറ്റെടുത്തതിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച മഹാസമ്മേളനത്തിന് സോണിയാഗാന്ധി അതിഥിയായി എത്തിയത് ആ ഊഷ്മളമായ ബന്ധത്തിന് ഉദാഹരണമാണ്. ദേശീയ രാഷ്ട്രീയത്തിലും തങ്ങളുടെ വാക്കുകള്‍ക്ക് ശ്രദ്ധയും അംഗീകാരവും ലഭിച്ചിട്ടുണ്ട്.
 
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദത്തിലേക്ക് വന്നതും പിന്നീട് അദ്ദേഹത്തോട് അനുമതി വാങ്ങി അതില്‍ നിന്നും മാറിയതും തങ്ങളുമായി ആലോചിച്ച ശേഷമാണ്. ബനാത്ത് വാല സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ടായി എന്നെ തെരഞ്ഞെടുത്തതിന് കാരണമായതും ശിഹാബ് തങ്ങളാണ്. തങ്ങള്‍ ആ പദവി ഏറ്റെടുക്കണമെന്നായിരുന്നു ഞാന്‍ അടക്കം പലരും ആഗ്രഹിച്ചത്. പക്ഷെ തങ്ങള്‍ ആ ചുമതല എന്നെ ഏല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഞാന്‍ മടിച്ചു നിന്നപ്പോള്‍ എന്നോട് സഗൗരവം ചോദിച്ചു: 'പിന്നെ ആരുടെ പേരാണ് ഞാന്‍ നിര്‍ദ്ദേശിക്കേണ്ടത്?' അതെന്നെ മൂകനാക്കി.
 
ഏതു തീരുമാനവും അദ്ദേഹമെടുക്കുന്നത് ബന്ധപ്പെട്ടവരുമായി ആശയ വിനിമയം നടത്തിയതിന് ശേഷമാണ്. ഓരോ കാര്യത്തിലും ഞാന്‍ എന്റെ അഭിപ്രായങ്ങളുടെ പ്ലസും മൈനസും തങ്ങളെ അറിയിക്കും. അതിന്റെ എല്ലാവശങ്ങളും തങ്ങള്‍ സൂക്ഷ്മമായി ചോദിച്ചറിയും. രാജ്യത്തിന്റെയും സമുദായത്തിന്റെയും സംഘടനയുടെയും ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് അദ്ദേഹം തീരുമാനമെടുക്കും. അതൊരിക്കലും പിഴക്കാറില്ല.
 
ശിഹാബ് തങ്ങളുടെ വേര്‍പാടിന്റെ സമയത്ത് ഞാന്‍ പഞ്ചാബിലെ കപൂര്‍ത്തല കോച്ച് ഫാക്ടറി സന്ദര്‍ശിക്കുകയായിരുന്നു. സാധാരണ പുറപ്പെട്ടു കഴിഞ്ഞാല്‍ പിറ്റേ ദിവസം മാത്രമേ ഡല്‍ഹിയില്‍ എത്താനാവൂ. റെയില്‍വേ ഒരു പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തി എത്രയും പെട്ടെന്ന് ഡല്‍ഹിയില്‍ എത്തിച്ചു. പിറ്റേന്ന് ആദ്യത്തെ വിമാനത്തില്‍ നാട്ടിലെത്തി. കപൂര്‍ത്തല - ഡല്‍ഹി യാത്രയില്‍ പ്രധാനമന്ത്രി എന്നെ വിളിച്ച് വേദനയോടെ അനുശോചനം അറിയിച്ചു. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കണം എന്ന് പറഞ്ഞു. തൊട്ടുപിന്നാലെ യു.പി.എ. ചെയര്‍പേഴ്‌സണ്‍ന്റെ അനുശോചനവും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു പ്രതിനിധി ശിഹാബ് തങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും സോണിയാജി അറിയിച്ചു. തൊട്ടുപിന്നാലെ അഹമ്മദ് പട്ടേല്‍ എന്നെ ബന്ധപ്പെട്ട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഗുലാം നബി ആസാദ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഞാന്‍ പോകുന്ന അതേ വിമാനത്തില്‍ യാത്ര ചെയ്യുമെന്നും അറിയിച്ചു. തുടരെ തുടരെ സഊദി അറേബ്യയില്‍ നിന്നും ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആ  രാജ്യങ്ങളിലെ പല പ്രധാന വ്യക്തികളും വിളിച്ച് അനുശോചനം അറിയിച്ചു. വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരി സാഹിബ്, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരുടെയെല്ലാം അനുശോചനം വന്നുകൊണ്ടേയിരുന്നു.
 
അദ്ദേഹം സമുന്നതനായ ആത്മീയ നേതാവും പാവനമായ വ്യക്തിത്വത്തിന് ഉടമയും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് വാനോളം ഉയര്‍ന്നുനില്‍ക്കുന്ന അത്ഭുത പ്രതിഭയുമായിരുന്നു. ഉന്നതനായ രാഷ്ട്രീയ നേതാവ്, ആത്മീയ പ്രതിഭ, സര്‍വ്വോപരി കറകളഞ്ഞ മനുഷ്യ സ്‌നേഹി തുടങ്ങിയ ഏതെല്ലാം അലങ്കാര പദങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ഉപയോഗിച്ചാലും അതത്രയും അര്‍ഹിക്കുന്ന ഒരു മഹാനായിരുന്നു ശിഹാബ് തങ്ങള്‍.
 
മന്ദസ്മിതം തൂകുന്ന ആ മുഖം എങ്ങനെ മറക്കാനാവും? ഉജ്ജ്വലമായ ആ ഓര്‍മ്മകളും അദ്ദേഹം വെട്ടിത്തുറന്ന വഴികളും നമ്മെ മുമ്പോട്ട് നയിക്കട്ടെ. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് ഒന്നിച്ച് മുന്നോട്ടു പോവാം. കാലത്തിന്റെ മണ്ണില്‍ പതിഞ്ഞ ആ മായാത്ത കാല്‍പ്പാടുകള്‍ നമുക്ക് പിന്തുടരാം.
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by