Guest Book Credits Panel Members
 
 
In Memories (Malayalam)
ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ളത് എന്റെ ജീവിതമാണ്
By P.K. Kunhalikutty
കുഞ്ഞുന്നാളില്‍ മനസ്സില്‍ കൊത്തിവെച്ച ആ ചിത്രം കൂടുതല്‍ തെളിമയോടെ മുന്നിലേക്ക് വരികയാണ്. തറവാടിന്റെ പൂമുഖത്തെ ചാരു കസേരയില്‍ പൂക്കോയ തങ്ങള്‍ ഇരിക്കുന്നു. വാതിലിനപ്പുറം മറഞ്ഞു നിന്ന് മൂത്ത പെങ്ങള്‍ രോഗ വിവരം പറയുകയാണ്.തങ്ങള്‍ ഒരു വെറ്റില കൊണ്ടുവരാനാവശ്യപ്പെട്ടു. താത്തയുടെ കൈ വിരലില്‍ തൂങ്ങി ഞാനുമുണ്ട്. സ്കൂളില്‍ ചേര്‍ത്തിട്ടില്ല അന്ന്. തങ്ങള്‍ മരുന്നുകള്‍ പറഞ്ഞു. ഒരു ചെറു പ്രാര്‍ത്ഥനയും. 

മുറ്റത്തേക്കിറങ്ങുന്ന തങ്ങള്‍ക്കൊപ്പം കാരണവന്‍മാര്‍ ഭവ്യതയോടെ നില്‍ക്കുന്നു. തങ്ങള്‍ കാറിലേക്ക് നടന്നു. എന്റെ ബാല്യം ഒരു കാര്‍ ആദ്യമായി തൊട്ട് കാണുകയാണ്. അതിന്റെ ഹോണ്‍, സ്റ്റിയറിംഗ്. പൂക്കോയ തങ്ങളുടെ കയ്യിലെരിയുന്ന സിഗരറ്റിലെ (മാക്രോ പോളോ) പുകയില്‍ നിന്ന് ചുറ്റിലും പരക്കുന്ന സുഗന്ധം. നല്ല വെളുത്ത നിറം. അതിനൊത്ത തൂവെള്ള വസ്ത്രം. മുഖത്തെ കെടാത്ത പുഞ്ചിരി. നടക്കുമ്പോള്‍ കറുത്ത ഷൂവിന്റെ കരച്ചില്‍. കണ്ണിലും മനസ്സിലും ആ അത്ഭുത കാഴ്ചയായിരുന്നു അന്നു മുഴുവന്‍. പില്‍ക്കാലം എന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ സൂര്യവെളിച്ചത്തിന്റെ ആദ്യ കാഴ്ച.

 
കാരാത്തോട് പീടിക മുകളിലായിരുന്നു ഞങ്ങളുടെ ജി.എല്‍.പി സ്കൂള്‍. ഒരു ദിവസം ചെല്ലുമ്പോള്‍ താഴെ പീടികയും പരിസരവും കുരുത്തോലയും അലങ്കാരങ്ങളുമായി പച്ചപുതച്ച് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. അന്നു വൈകുന്നേരം പൂക്കോയ തങ്ങള്‍ വീട്ടില്‍ വന്നു. ഇറങ്ങാന്‍ നേരം എന്നെ വിളിച്ച് തലയില്‍ തലോടി കുപ്പായമിട്ട് വരാന്‍ പറഞ്ഞു. അരികിലെത്തിയപ്പോള്‍ കാറിലേക്ക് ക്ഷണിച്ചു. കാരാതോട് വെച്ച് ഖാഇദേമില്ലത്തിന് സ്വീകരണമാണ്. ബാഫഖി തങ്ങളുമുണ്ട്. സ്റേജിലേക്ക് കൊണ്ടുപോയി എന്റെ കയ്യില്‍ ആരോ ഒരു പൂമാല തന്നു. ഖാഇദേമില്ലത്തിന്റെ കഴുത്തിലണിയിക്കാന്‍. പിന്നീട് ജെ.ഡി.റ്റിയില്‍, ഫാറൂഖ് കോളജില്‍, സര്‍സയ്യിദില്‍ എല്ലായിടത്തും എന്റെ പഠനകാലങ്ങളില്‍ ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തത്തോടെ പൂക്കോയ തങ്ങള്‍ വന്നു. കൂടെ കാറില്‍ കയറ്റി കൊണ്ടുപോയി. ചിലേടത്ത് പ്രസംഗിപ്പിച്ചു. ബാല്യ, കൗമാരങ്ങളും യൗവനാരംഭവുമെല്ലാം തിങ്ങി നിറഞ്ഞ ഓര്‍മ്മകളാണത്.പക്ഷേ, ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ളത് എന്റെ ജീവിതമാണ്. പ്രായവും കാലവും ഗണിച്ചെടുക്കാന്‍ പറ്റാത്തവിധം എന്നെ മൂടിനില്‍ക്കുന്നു ആ ജീവിതം.
 
പഠനം കഴിഞ്ഞ് പൊതുരംഗത്ത് സജീവമാവുന്ന കാലം. മലപ്പുറത്ത് സംസ്ഥാന സര്‍ക്കാര്‍ സഹകരണ സ്പിന്നിംഗ്മില്‍ ആരംഭിക്കുന്നു. തദ്ദേശീയരായ നൂറുകണക്കിനു പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന വ്യവസായിക സംരംഭം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചീഫ് പ്രൊമോട്ടര്‍. പ്രൊമോട്ടര്‍മാരിലൊരാളായി ഞാനും. അന്നു തുടങ്ങിയതാണ് ഒന്നിച്ചുള്ള യാത്രകള്‍, ജീവിതവും. സുഖദുഃഖങ്ങളിലും ഉയര്‍ച്ച താഴ്ചകളിലും പ്രതിസന്ധികളിലും കൈവിടാതെ കൂടെയുണ്ടായിരുന്നു. എന്റെ ഓരോ ദിനവും പാണക്കാട്ട് നിന്ന് തുടങ്ങി. അവിടെയവസാനിച്ചു. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ സാക്ഷിയും കാര്‍മികനുമായി അദ്ദേഹം മുന്നില്‍നിന്നു. മഹാസമ്മേളനങ്ങള്‍,  ഭാഷാസമരം, വന്‍ദുരന്തങ്ങള്‍, തെരഞ്ഞെടുപ്പുകള്‍, മന്ത്രിസഭകള്‍, മുഖ്യമന്ത്രിമാരുടെ മാറ്റം, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതു പോലെ ദേശീയ രാഷ്ട്രീയമാകെ പ്രതീക്ഷിക്കുന്ന നിലപാടുകളുടെ രുപീകരണം തുടങ്ങി ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഏറെ കടന്നുപോയി.
 
രാഷ്ട്രീയത്തില്‍ പുതുമുഖമായി ഉന്നതപദവി ഏറ്റെടുക്കുന്ന തങ്ങള്‍. അരോഗദൃഢഗാത്രന്‍. സുസ്മേരവദനം. സംഗീതവും ചരിത്രവും കഥയും കവിതയും യാത്രകളും ഇഷ്ടപ്പെടുന്ന തങ്ങള്‍. യാത്ര ചെയ്യുന്ന നാടിന്റെ അഞ്ഞൂറു കൊല്ലത്തെയെങ്കിലും ചരിത്രവും പൌരാണികതയും സവിശേഷതകളും കൂടെയുള്ളവര്‍ക്ക് നിര്‍ത്താതെ വിവരിച്ചു കൊടുക്കുന്ന തങ്ങള്‍, വിദ്യാഭ്യാസം തന്നെ ഒരു ദീര്‍ഘയാത്ര. യൂറോപ്പ്, അമേരിക്ക, തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് തുടങ്ങി ലോകരാഷ്ട്രങ്ങള്‍ മിക്കതും ചുറ്റിയ സഞ്ചാരപ്രിയന്‍. വിവരണങ്ങള്‍ക്കും വിശകലനത്തിനു മൊതുങ്ങാത്തതാണ് ആ അനുഭവസാക്ഷ്യങ്ങള്‍.
 
പാണക്കാട്ടെ നാട്ടുവഴികള്‍ തൊട്ട് ലോകമെങ്ങും അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു ഞാനും. പക്ഷേ, ഒന്നിച്ചുള്ള എല്ലാ യാത്രകളും അനുഭവങ്ങളും അവസാനിപ്പിച്ച്, 2009 ആഗസ്റ് ഒന്നിന് അദ്ദേഹം തനിച്ചു പുറപ്പെട്ടു. ആരും കൂടെയില്ലാത്ത യാത്ര. അതിനായി നീണ്ടുനിവര്‍ന്ന ആ കിടത്തം. അവസാനമായാ മുഖമൊന്നു കാണാന്‍ അലമുറയിട്ടെത്തിയ, പതിനായിരങ്ങളെ നിയന്ത്രിക്കുന്ന നേരത്ത് ഞാനാകെ മരവിച്ചു പോയിരുന്നു. ഓര്‍മയുടെ അനേകം ലോകങ്ങളിലൂടെ പ്രിയപ്പെട്ട നേതാവിനൊപ്പം എന്റെ മനസ്സ് സഞ്ചരിക്കുകയായിരുന്നു അപ്പോള്‍. മറ്റൊന്നും ഞാനറിയുന്നുണ്ടായിരുന്നില്ല. മരവിച്ചുപോയ മനസ്സിനു മുന്നില്‍ എല്ലാം യാന്ത്രികമായിരുന്നു. ആ രാത്രിയുടെയും അടുത്ത പകലിന്റെയും നടുക്കവും വേദനയും നീറിപ്പടരുന്നു മനസ്സിലിന്നും ശമനമില്ലാതെ.
 
കണ്ണടച്ചിരുന്നാല്‍ അടുത്തടുത്ത് വരികയാണ് ആ മുഖം. ഒറ്റക്കിരിക്കുമ്പോള്‍ വന്നു വിളിക്കുകയാണ് ആ ഓര്‍മകള്‍. ചിലപ്പോള്‍ ആളുകള്‍ക്കിടയില്‍ പോയി നിന്നു നോക്കും. താങ്ങാനാവുന്നില്ല അവരുടെ സങ്കടവും. എഴുതിയും പറഞ്ഞും കാലം കടന്നുപോകുമ്പോള്‍  വേദനകള്‍ സഹനീയമായേക്കാം. പക്ഷേ, ആ ശ്രമങ്ങളും വിഫലമാവുന്നു. മതിയായ വാക്കുകളൊന്നും കിട്ടാതെ.  
 
റോഡില്‍ നിന്ന് നോക്കുമ്പോഴേ കാണാം. കൊടപ്പനക്കലെ കോലായയില്‍ വട്ടമേശക്കരികില്‍ അദ്ദേഹമിരിക്കുന്നു. ചെന്നു കയറിയാല്‍ ഒരു വാക്ക്. ഒരു സംസാരം. പിന്നെ തിരക്കൊഴിയാന്‍ കാത്തുള്ള നില്‍പ്പ്. അതിനിടയില്‍ അദ്ദേഹം സമയം തരുന്നു. വിശദമായി സംസാരിക്കുന്നു. എല്ലാം ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു. തീരാ വേദനയുടെ ഓര്‍മ്മകള്‍. ഒരിക്കലുമടയാത്ത ആ കവാടങ്ങള്‍ പോലെ, എല്ലാവര്‍ക്കുമായി ഏത് നേരത്തേക്കും തുറന്ന് വെച്ചിരുന്ന ആ വലിയ "മനസ്സ്'' നമ്മെ വിട്ടു പിരിഞ്ഞകന്നിരിക്കുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല ഇപ്പോഴും. എല്ലാ സ്വപ്നങ്ങളും തകര്‍ത്തെറിഞ്ഞ്, ജനലക്ഷങ്ങളെ കണ്ണീര്‍ കയത്തിലാഴ്ത്തിയ ആ രാത്രി,  പേടിപ്പെടുത്തുന്ന ഒരു മിന്നല്‍ പിണര്‍ പോലെ മനസ്സിനെ കുടയുന്നു.
 
ആഗസ്റ് ഒന്ന്; രാത്രി എട്ട് മണി കഴിഞ്ഞിരിക്കുന്നു. പാലക്കാട് ജില്ലാ മുസ്ലിംലീഗ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് വീട്ടില്‍ വന്നിറങ്ങുമ്പോള്‍ മകളുണ്ട് മുറ്റത്ത് നില്‍ക്കുന്നു. ആസ്പത്രിയില്‍ തങ്ങളുടെ അടുത്തുനിന്ന് വരികയാണ്. പ്രത്യേകിച്ചൊന്നുമില്ലെന്നവള്‍ പറഞ്ഞു. ഉപ്പ അവിടെ കയറിയോ എന്ന ചോദ്യത്തിന് ഇല്ല ഭക്ഷണം കഴിഞ്ഞ് ഞാന്‍ അങ്ങോട്ട് പോവുകയാണെന്ന് മറുപടിയും പറഞ്ഞതേയുള്ളു. ആ നിമിഷമതാ ആറ്റപ്പു (ഹൈദരലി ശിഹാബ് തങ്ങള്‍) വിളിക്കുന്നു. "വേഗം കാക്കാന്റടുത്തെത്തണം, ഞാന്‍ വേങ്ങരയിലാണ്''. അപ്പോഴേക്ക് മുനവ്വര്‍ തങ്ങളും വിളിച്ചു. "ബാപ്പാക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നു. കുഞ്ഞാപ്പ ഒന്ന് വേഗം അവിടെ എത്തണം, ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്.'' 
 
ഞാന്‍ ധൃതിയിലിറങ്ങി കാറില്‍ കയറി. എന്താണിത്ര പ്രശ്നം? പുലര്‍ച്ചെ ഒന്ന് കുളിമുറിയില്‍ വീണിരുന്നു. അതിന് തുന്നലിട്ടു. മറ്റൊരു കുഴപ്പവുമില്ല. ഉച്ചക്ക് ഏറെ നേരമിരുന്ന് സംസാരിച്ചതാണ്. വൈകുന്നേരം പോലും ഫോണില്‍ വിളിച്ചു. പെട്ടെന്നെന്താവും! അതിനു മാത്രം ഗുരുതരമായിട്ട്. ആസ്പത്രിയിലേക്ക് ഓടിയെത്തുമ്പോള്‍, എല്ലാമെല്ലാമായത് കൈവിട്ടു പോവുകയായിരുന്നു. കണ്ണിലാകെ ഇരുട്ട് പരക്കുന്നതുപോലെ. എന്തെല്ലാമോ തകര്‍ന്നടിയുന്നു. ഒരു ഭൂകമ്പം. എല്ലാം അസ്തമിക്കുകയാണ്. ഇവിടെ തളരാന്‍ പാടില്ല. പിടിച്ചു നിന്നേ പറ്റൂ. ഡോക്ടര്‍മാര്‍ വന്ന് മരണം സ്ഥിരീകരിച്ച് മിനുട്ടുകളായില്ല. ടി.വി. ചാനലുകളില്‍ ഫ്ളാഷ് ന്യൂസ്. നാട് നടുങ്ങി. കേരളം വിറച്ചുപോയി. വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് ഫോണ്‍ വിളികളുടെ പ്രളയം. ആസ്പത്രിയിലേക്ക് മനുഷ്യപ്രവാഹം തുടങ്ങി. സ്വന്തം ജീവനെക്കാള്‍ സ്നേഹിച്ച പ്രിയപ്പെട്ട നേതാവിനെ അവസാനമായൊന്നു കാണാന്‍ വാവിട്ടു കരഞ്ഞ് അണമുറിയാതൊഴുകി വരികയാണ് ജനം. പക്ഷെ, ഞങ്ങള്‍ സാധാരണ മട്ടില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കുള്ള വഴികള്‍ ആലോചിക്കുകയായിരുന്നു. മറ്റൊന്നും വിഭാവനം ചെയ്യുന്നില്ല.  അത്ര വേഗം ഒരു മനുഷ്യപ്രളയമുണ്ടാകുമെന്ന്, അത് തടുക്കാനാവില്ലെന്ന്, വാഹനപ്പെരുപ്പമുള്ള കാലമാണ് ഗതാഗതം തടസ്സപ്പെടുമെന്ന്. ആ വകയൊന്നും മനസ്സില്‍ കൊണ്ടുവരാതെ ഒരു ഭാഗത്ത് നിന്ന് വരിക, മറുഭാഗത്ത് കൂടെ തിരിച്ച് പോവുക. അതിനുള്ള സജ്ജീകരണങ്ങളൊരുക്കുകയാണ്. മയ്യിത്ത് കൊടപ്പനക്കലെ അകത്ത് കിടത്തിയ ഞങ്ങള്‍ വരാന്തയിലേക്ക് നോക്കി. ഒരു ക്യൂകൊണ്ട് തീരുന്നതല്ല. ഒരു സമുദ്രം അലയടിച്ചു വരികയാണ്. കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന ജന സഞ്ചയം. ആളുകളെ നിയന്ത്രിക്കണം, മൈക്ക് എവിടെ? ലൈറ്റ് എവിടെ? ഒന്നും വാഹനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല. ചുമന്നുകൊണ്ട്, ഓടേണ്ടി വരും. റോഡാകെ തടസ്സപ്പെട്ടിരിക്കുന്നു. ആളുകള്‍ വീടിനുള്ളിലേക്ക് ഇരച്ചു കയറുകയാണ്. നിയന്ത്രണം വിട്ടിരിക്കുന്നു. ഈ പാതി രാത്രിയില്‍ പെട്ടെന്ന് മൈക്ക് എവിടെ നിന്ന് കിട്ടും? പാണക്കാട് പള്ളിയിലോ, കാരാത്തോട് പള്ളിയിലോ പോയി എടുക്കാം. അതിന് അവിടെ ആരെങ്കിലും ഉണ്ടായിട്ടുവേണ്ടേ? അവരും ഈ കൂട്ടത്തില്‍ ലയിച്ചിരിക്കുന്നു. ഇനി കിട്ടിയാല്‍ തന്നെ കൊണ്ടുവരാനും സ്ഥാപിക്കാനും കഴിയില്ല. പൂഴിയിട്ടാല്‍ താഴെ വീഴാത്ത ജനസാഗരമാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസ്ല്യാര്‍ തുടങ്ങിയവരോട് ഞാന്‍ പറഞ്ഞു: എന്തെങ്കിലും ചെയ്തേ പറ്റൂ. ബന്ധുക്കള്‍, നേതാക്കന്മാര്‍. എല്ലാവരും പകച്ചു നില്‍ക്കുകയാണ്. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ക്ക് വല്ല അത്യാഹിതവും സംഭവിക്കുമോ എന്ന ആശങ്കയായി. എങ്ങോട്ടും ഫോണ്‍ കിട്ടുന്നില്ല. എല്ലാം ജാം ആയിരിക്കുന്നു. മഹാത്മാ ഗാന്ധിജി മരണപ്പെട്ട ദിവസത്തെക്കുറിച്ച് പറയുന്നതുപോലെ. പൊട്ടിക്കരഞ്ഞും ആര്‍ത്തലച്ചുമൊഴുകുന്ന ജനം. നിയന്ത്രിക്കാനാവാതെ വല്ലതും സംഭവിച്ചാല്‍. ഇത് മനസ്സാന്നിധ്യം വീണ്ടെടുക്കേണ്ട നേരമാണ്. എന്റെ പ്രസിഡണ്ടാണ് മരിച്ചു കിടക്കുന്നത്. എന്തെങ്കിലും ഒരു കുറവ് സംഭവിച്ചാല്‍ അതിന് മറുപടി പറയാന്‍ ഉത്തരവാദപ്പെട്ടവനാണ് ഈയുള്ളവന്‍. എന്റെ നേതാവിനെ അവസാനമായി യാത്രയാക്കും നേരം പ്രിയപ്പെട്ട പതാക പുതപ്പിക്കണമല്ലോ? ഈ സമയത്ത് എവിടെ കിട്ടും! പ്രസ്ഥാനത്തിനായി ജയില്‍വാസം വരിച്ച മഹാനായ പിതാവിന്റെ പുത്രന്‍. നാടിനും സമുദായത്തിനുമായി ജീവിത മുഴിഞ്ഞുവെച്ച മഹാനു പുതപ്പിക്കാന്‍ പതാകയില്ലാതിരിക്കുക. സഹിക്കാനാവില്ല അത്. മലപ്പുറത്തെ കൊന്നോല യൂസുഫിനോട് പറഞ്ഞു. ഒരു കൊടി. കാണുന്നവരോടൊക്കെ ചോദിച്ചു. ആ മലവെള്ളപ്പാച്ചിലില്‍ ഒരു അമൂല്യ വസ്തുവിന് വേണ്ടിയെന്ന പോലെ. ഞാന്‍ കൈ നീട്ടി. ഒരു കൊടി കിട്ടൂലേ നമ്മള്‍ക്ക്? ഒരു മൈക്ക് കിട്ടിയിരുന്നെങ്കില്‍. അനേകം തവണ മൈക്കിന് മുന്നില്‍ വന്ന ഒരാള്‍ ഇപ്പോള്‍ ഒരു ഉച്ചഭാഷിണിക്കുവേണ്ടി അന്വേഷിക്കുന്നു. ഇനിയൊന്നും കാത്തിരിക്കാനാവില്ല. ഒരു പടിയുടെ മുകളില്‍ കയറി നിന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. എല്ലാവരും വരിയായി നില്‍ക്കണം. സ്വയം നിയന്ത്രിക്കണം. ശബ്ദം പോകും വരെ ഒച്ചയിട്ടു നോക്കി. ഒരിഞ്ച് സ്ഥലത്ത് മാത്രമാണ് കാല്‍ ഊന്നിയിട്ടുള്ളത്. ബാക്കി ആളുകള്‍ എന്നെ താങ്ങി നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടൊന്നും ഫലം കാണുന്നില്ല. സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു.

അകത്ത് കയറി ആറ്റപ്പുവിനോട് പറഞ്ഞു. ഞാന്‍ മലപ്പുറത്തേക്ക് പോവുകയാണ്. വേറെ സ്ഥലം നോക്കട്ടെ. മയ്യിത്ത് അങ്ങോട്ട് മാറ്റേണ്ടി വരും. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാനും അതാണാലോചിക്കുന്നത്. വേഗം വേണ്ടത് ചെയ്യുക. എങ്ങനെ മലപ്പുറത്തെത്തും എന്നൊന്നും ചിന്തയില്ല. ആള്‍ക്കൂട്ടത്തിലൂടെ ഊര്‍ന്നിറങ്ങി. റോഡ് വഴി പറ്റില്ലെന്നുറപ്പ്. പുഴയിലൂടെ പോവേണ്ടി വരും. എന്തെങ്കിലുമൊരു  മാര്‍ഗ്ഗമുണ്ടാകും.  തൊടിയിലെ പൊന്തകള്‍ക്കിടയിലേക്കിറങ്ങി സാദിഖലി ശിഹാബ് തങ്ങളുടെ വീട് ലക്ഷ്യമാക്കി നടന്നു. ഫോണ്‍ ചെയ്യണം. റോഡില്‍ എന്നെ കണ്ടവര്‍, ആ ഇരുട്ടില്‍ തിരിച്ചറിഞ്ഞവര്‍, പിടിച്ചു നിര്‍ത്തി കരയുകയാണ്. ഭാഗ്യത്തിന് ഒരു മോട്ടോര്‍ സൈക്കിള്‍ കിട്ടി. അതില്‍ വീട്ടിലേക്ക് (കാരാത്തോട്) ചെന്നു. അവിടെയും ഫോണില്ല. പാടത്ത് നിന്ന് കയറി വരുന്നത് പോലെ മേലാകെ ചെളിയില്‍ മുങ്ങിയിരിക്കയാണ്. അത് കഴുകാന്‍ വീട്ടില്‍ നിന്ന് പറയുന്നുണ്ട്. ഒന്നും ശ്രദ്ധിച്ചില്ല. ഒരു നിമിഷം പാഴാക്കാതെ ബൈക്കില്‍ തിരിച്ചു കയറി പാണക്കാട്ടെത്തി. സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി തങ്ങള്‍, മുനവ്വറലി തങ്ങള്‍ തുടങ്ങിയവരെല്ലാം മയ്യിത്തിനടുത്തുണ്ട്. ഞാന്‍ പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു. മലപ്പുറത്ത് ചെന്ന് കോട്ടപ്പടി മൈതാനിയിലോ ടൌണ്‍ ഹാളിലോ, എം.എസ്.പി. ഗ്രൌണ്ടിലോ സ്ഥലം നോക്കട്ടെ. ആംബുലന്‍സയക്കാം. പറഞ്ഞിട്ട് പുറപ്പെട്ടാല്‍ മതി. സമയം രണ്ട് മണി കഴിഞ്ഞിട്ടുണ്ട്. സാദിഖലി തങ്ങള്‍ ചോദിച്ചു: ഈ നേരത്ത് അതിന് പറ്റുമോ? പറ്റണം. അല്ലാതെ രക്ഷയില്ലെന്ന് പറഞ്ഞ് റോഡിലേക്കിറങ്ങിയപ്പോള്‍ അവിടെ മെഗാഫോണ്‍ ഘടിപ്പിച്ച ഒരു ജീപ്പില്‍ അനൌണ്‍സ് ചെയ്യുന്നുണ്ട്. ഞാന്‍ അതിലേക്ക് ചാടിക്കയറി വിളിച്ചു പറഞ്ഞു. മയ്യിത്ത് മലപ്പുറം ടൌണ്‍ഹാളിലേക്ക് മാറ്റുകയാണ്. ആറ് മണിക്ക് ദര്‍ശനത്തിന് വെക്കും. എല്ലാവരും അങ്ങോട്ട് നീങ്ങുക. അങ്ങനെ പറയാന്‍ വെറുതെ തോന്നിയതാണ്. ഇവിടെ കുളിപ്പിക്കാനും കഫന്‍ ചെയ്യാനും സൌകര്യമൊരുക്കണം. അത് ജനം അനുസരിച്ചു. പ്രവാഹം നേരെ തിരിഞ്ഞ് മലപ്പുറത്തേക്കായി. ഇ.ടി. മുഹമ്മദ് ബഷീര്‍, മുഹമ്മദുണ്ണി ഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുല്ല എന്നിവരെയും ജീപ്പില്‍ കൂട്ടി. അനൌണ്‍സ് ചെയ്യുന്ന ജീപ്പിന് മുന്നോട്ട് പോവാനാകുന്നില്ല. ഇടക്ക് മറ്റാരെങ്കിലും അനൌണ്‍സ് ചെയ്ത ശേഷം മൈക്ക് എനിക്ക് കൈമാറുകയാണെന്ന് പറയും. അങ്ങനെ വഴി കിട്ടി തുടങ്ങി. റോഡിന് തടസ്സമായി കിടക്കുന്ന വാഹനങ്ങള്‍ ഉന്തി നീക്കിയും പൊക്കി മാറ്റിവെച്ചും ജനം ഞങ്ങളുടെ ജീപ്പിന് സൌകര്യമൊരുക്കി. അനൌണ്‍സ് ചെയ്തിരുന്നുവെങ്കിലും ടൌണ്‍ഹാളില്‍ തന്നെ മയ്യിത്ത് വെക്കാമെന്ന് അവിടെ എത്തിയ ശേഷമാണ് അന്തിമ തീരുമാനമെടുത്തത്. തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്, മഞ്ചേരി, പെരിന്തല്‍മണ്ണ, റോഡുകളില്‍ ക്യൂ നില്‍ക്കാനും മയ്യിത്ത് കണ്ടവരെ കോട്ടക്കുന്നിലേക്ക് ഒഴിവാക്കാനും പ്രധാന വ്യക്തികള്‍ വന്നാല്‍ ഇരിപ്പിടത്തിനുമുള്ള സൌകര്യം കണ്ടാണ് ടൌണ്‍ ഹാള്‍ നിശ്ചയിച്ചത്. മയ്യിത്ത് ഖിബ്‌ലക്കഭിമുഖമായി കിടത്തിയാല്‍ ഇടതടവില്ലാതെ നമസ്ക്കാരവും നടത്താം. (ക്യൂ എത്ര നീണ്ടാലും തിക്കും തിരക്കുമില്ലാത്ത വിധം ക്രമീകരിക്കാമെന്ന ഈ ആശയം പെട്ടെന്ന് രൂപപ്പെടുത്തിയതാണെങ്കിലും ആ ആസൂത്രണം ഫലപ്രദമായെന്ന് ലക്ഷക്കണക്കിനാളുകളുടെ പ്രവാഹത്തെ നിയന്ത്രിക്കാനും നല്ലൊരു വിഭാഗമാളുകള്‍ക്കും മയ്യിത്ത് കാണാനും അവസരമുണ്ടായതിലൂടെ വ്യക്തമായി).
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by