Guest Book Credits Panel Members
 
 
In Memories (Malayalam)
ശാന്തിയുടെ മേല്‍ക്കൂര
By M.T. Vasudevan Nair
ശിഹാബ് തങ്ങളുമായി വ്യക്തിപരമായി വലിയ അടുപ്പമുണ്ടെന്ന് പറഞ്ഞുകൂട. മൂന്നോ നാലോ തവണ പൊതുവേദികളില്‍ വെച്ച് അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്ത് വാണിമേലിന് ഒരു അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ വെച്ചാണ് ആദ്യം കാണുന്നത്. അവാര്‍ഡ്ദാനം നിര്‍വ്വഹിക്കേണ്ട തങ്ങള്‍ അല്‍പം വൈകിയാണ് എത്തിയത്. മുക്കാല്‍ മണിക്കൂര്‍ വൈകി. എന്റെ അടുത്തിരുന്ന ശിഹാബ് തങ്ങള്‍ വരാന്‍ വൈകിയതിനെപറ്റി ക്ഷമാപണരൂപത്തില്‍ സംസാരിച്ചു. 'അത് സാരമില്ല' ഞാന്‍ പറഞ്ഞു. 'ഇപ്പോള്‍ കൂടല്ലൂരൊന്നും പോവാറില്ലേ?' ശിഹാബ് തങ്ങള്‍ ചോദിച്ചതുകേട്ട് ഞാന്‍ ഒന്നമ്പരന്നു. രാഷ്ട്രീയക്കാര്‍ക്ക് സാഹിത്യവും കലയും മറ്റുമായി വലിയ ബന്ധവും താല്‍പര്യവും ഉണ്ടാകാറില്ല(ഇതിന് അപവാദങ്ങള്‍ ഉണ്ടായേക്കാം). ഇവിടെ ശിഹാബ് തങ്ങള്‍ എന്റെ സാഹിത്യത്തെപറ്റി മാത്രമല്ല, എന്റെ ഗ്രാമത്തെപറ്റിയും സംസാരിക്കുന്നു.അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

പിന്നീട് ശിഹാബ് തങ്ങള്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ പുസ്തകരൂപത്തിലാക്കിയപ്പോള്‍ പ്രകാശനം ചെയ്യാനുള്ള ഭാഗ്യവും എനിക്കുണ്ടായി. തങ്ങള്‍ തന്നെ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെക്കുകയായിരുന്നു. ഞാന്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിച്ചു.

ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ പ്രിന്റ്-ഇലക്ട്രോണിക് മീഡിയ പുറത്തുവിട്ട ചിത്രമുണ്ടല്ലോ, അത് ഏറെ ശ്രദ്ധേയമാണ്. ജനങ്ങളുടെ ദു:ഖം, തങ്ങളോട് അവര്‍ക്കുള്ള സ്നേഹം, അവരുടെ നഷ്ടബോധം എല്ലാം മാധ്യമങ്ങളില്‍ നിഴലിക്കുകയായിരുന്നു. തങ്ങളുടെ വിയോഗമറിഞ്ഞെത്തിയ ആ മഹാജനപ്രവാഹത്തെ ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ ബാധ്യസ്ഥരായി. അവര്‍ക്ക് ഒന്നും വെട്ടിക്കുറക്കാനാവാത്ത സ്ഥിതിയായിരുന്നു.
 
സാധാരണ വലിയ കലാകാരന്മാരോ നേതാക്കന്മാരോ മരിച്ചാല്‍ ഒരുപാട് വാര്‍ത്തകള്‍ മീഡിയകളില്‍ വരും. രണ്ടുമൂന്ന് ദിവസം കഴിയുമ്പോള്‍ ആ വാര്‍ത്തകള്‍ ഒന്നാം പേജില്‍നിന്ന് ഉള്‍പ്പേജുകളിലേക്ക് മാറും. പക്ഷെ, ശിഹാബ് തങ്ങളുടെ വിയോഗം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അനുസ്മരണങ്ങള്‍ നടക്കുന്നു. പല പ്രവര്‍ത്തനങ്ങളും നടക്കുന്നു എന്നത് ഞാന്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഓര്‍മ്മ അല്‍പായുസ്സാണ്. എന്നാല്‍ ഈ ദീപ്തമായ ഓര്‍മ്മ അല്‍പായുസ്സായി മാറുന്നില്ല. അത് തേച്ചുമായ്ച്ചുകളയാന്‍ പറ്റാതെ നിലനില്‍ക്കുകയാണ്.
 
അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ചുറ്റും ഇപ്പോഴും ആളുകള്‍ തടിച്ചുകൂടുന്നു. അദ്ദേഹം തീര്‍ത്ത സ്നേഹത്തിന്റെ ലോകം അത്ര ശക്തമായിരുന്നതിനാലാണിത്. ശിഹാബ് തങ്ങളുടെ അധികാരം സ്നേഹമായിരുന്നു. രോഷം കൊണ്ടും അധികാരത്തിന്റെ ശക്തികൊണ്ടും മാത്രം നിലനില്‍ക്കുന്നവര്‍ അവരുടെ ചുറ്റും ആള്‍ക്കൂട്ടത്തെ വെച്ചുപൊറുപ്പിക്കില്ല. കഴിയുന്നത്ര ശൂന്യത സൃഷ്ടിക്കുകയാണ് പതിവ്. ഏകാധിപതികളാണ് ഇത്തരം ശൂന്യത സൃഷ്ടിക്കുക. ചുറ്റും ശൂന്യസ്ഥലം ഒരുക്കുന്നത് ഭയം കൊണ്ടാണ്. ഭയത്തിന്റെ നിഴലില്‍ ജീവിക്കുന്നവര്‍ക്കാണ് ചുറ്റും ശൂന്യസ്ഥലം സൃഷ്ടിക്കാനുള്ള പ്രേരണ ഉണ്ടാകുന്നത്. ഇത്തരം ശൂന്യത സൃഷ്ടിക്കുന്നവരെ പറ്റി നോബല്‍ സമ്മാനജേതാവായ എലിയാസ് കനേറ്റി തന്റെ 'ക്രൌഡ് ആന്റ് പവര്‍' എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.
 
അരക്കിറുക്കനായി സാഹിത്യത്തിലും ചരിത്രത്തിലുമൊക്കെ നമ്മള്‍ വ്യാഖ്യാനിക്കുന്ന തുഗ്ളക്കിന്റെ കാര്യവും വ്യത്യസ്തമല്ല. തുഗ്ളക്കിന്റെ കൊട്ടാരത്തിലേക്ക് മൂന്ന് വാതിലുകള്‍ ഉണ്ടായിരുന്നു. ഓരോ വാതിലിലും തലേന്നും അതിന്റെ തലേന്നും ശിരച്ഛേദം ചെയ്യപ്പെട്ട ശവങ്ങള്‍ ഉണ്ടാവും. അതും കടന്നുവേണം കൊട്ടാരത്തിനകത്ത് കടക്കാന്‍. തുഗ്ളക്കിനെ അരക്കിറുക്കന്‍ എന്നു വ്യാഖ്യാനിക്കാന്‍ തന്നെ കാരണം പെട്ടെന്ന് തലസ്ഥാനം മാറ്റിക്കളഞ്ഞു എന്നതിനാലാണ്. അതിനും കാരണം, ഇത്രയൊക്കെ ബന്തവസ്സുണ്ടായിട്ടും ചിലപ്പോള്‍ അപൂര്‍വ്വമായി ചില കുറിപ്പുകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. തിരുമിഴികള്‍ക്ക് കാണാന്‍വേണ്ടി മാത്രമായി ലഭിച്ചിരുന്ന ചില ഭീഷണികള്‍. അദ്ദേഹത്തിന്റെ ഭരണത്തെയും അദ്ദേഹത്തെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു അത്. താന്‍ ഇത്രയൊക്കെ ചെയ്തിട്ടും ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ ആശങ്കപ്പെട്ടായിരുന്നു അദ്ദേഹം തലസ്ഥാനം പെട്ടെന്ന് മാറ്റിക്കളഞ്ഞതെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ഏതുകാലത്തും ഇങ്ങനെയാണ്. സ്നേഹത്തിന്റെ കവചമില്ലാത്ത ആളുകള്‍ക്ക് ഭീതികൊണ്ട് അല്ലെങ്കില്‍ ഭയപ്പെടുത്തിക്കൊണ്ടുള്ള നിലനില്‍പാണ് ഉള്ളത്. ജീവശാസ്ത്രപരമായും ഇങ്ങനെയാണ്. മനുഷ്യന്‍ വയലന്‍സിലാണ് ജീവിക്കുന്നത്. അനേകമനേകം ബീജങ്ങളെ നശിപ്പിച്ച് ഒരു ബീജം പ്രവാഹം നടത്തിയാണ് അണ്ഡാശയത്തില്‍ എത്തുന്നത്. പല ഗോത്ര സമൂഹങ്ങളിലും ആദ്യകാലത്ത് ഉണ്ടായിരുന്നത് ഇതേ രീതിയായിരുന്നു. ആഫ്രിക്കന്‍ ഗോത്രങ്ങളിലൊക്കെ ഇത് കാണാന്‍ കഴിയും. ഏത്യോപ്യയിലെ, പഴയ അബ്സീനിയയിലെ ആദിമ ഗോത്രക്കാര്‍ പുതിയ രാജാവിനെ തെരഞ്ഞെടുക്കുന്നത് വിചിത്രമായ രീതിയിലായിരുന്നു. അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് രാജസഭയിലെ അംഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തെ ദേഹോപദ്രവം ഒഴികെയുള്ള എല്ലാം ചെയ്യുമായിരുന്നു. തുപ്പും ചീത്തപറയും. അങ്ങനെ....എന്നിട്ട് പറയും: ''താനിവിടെ ഭരിക്കാന്‍ പോകുമ്പോള്‍ ഞങ്ങളെ എന്താ ചെയ്യാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. അപ്പോള്‍ ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയില്ലല്ലോ. അതിനാണ് ഇത്.'
 
പല ഗോത്രസമൂഹങ്ങളിലും അധികാരം അടിച്ചേല്‍പിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. ഗോത്രത്തലവന് കാലിന് മുടന്തുണ്ടെങ്കില്‍ രാജസഭയിലെ എല്ലാ അംഗങ്ങളുടെയും കാല് തല്ലിയൊടിച്ച് മുടന്തന്മാരാക്കിയിരുന്നു. ഇല്ലെങ്കില്‍ മുടന്തിമുടന്തി നടക്കണമെന്ന് കല്‍പിച്ചിരുന്നു. അധികാരത്തിന്റെ ശക്തി ഉപയോഗിച്ചാണ് ഗോത്രത്തലവന്മാരൊക്കെ ഭരിച്ചത്. ഇതിന്റെയൊക്കെ ഫലം സാഹിത്യത്തിലും നമ്മള്‍ കണ്ടിട്ടുണ്ട്. സാഹിത്യത്തില്‍ മാജിക്കല്‍ റിയലിസമെന്നെല്ലാം പറയാറുണ്ട്. 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍'മാര്‍ക്വിസ് എഴുതുന്നതിന് മുമ്പ് തന്നെ ആരംഭിച്ച ഒന്നാണത്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന് ഇത്രയേറെ ആരാധകരും വായനക്കാരും ഉണ്ടായത് ഈ മാജിക്കല്‍ റിയലിസം കൊണ്ടാണ്.മാജിക്കല്‍ റിയലിസത്തെപറ്റി പറഞ്ഞപ്പോള്‍ അവിടത്തെ വലിയ വലിയ എഴുത്തുകാരൊക്കെ പറഞ്ഞു, 'നിങ്ങള്‍ വിചാരിക്കുന്നപോലെ ഇത് മാജിക്കൊന്നുമല്ല, ഞങ്ങളുടെ ചരിത്രമാണ്' എന്ന്.
 
ഉദാഹരണത്തിന് മെക്സിക്കോയില്‍ ഒരുപാടുകാലം പട്ടാള ഭരണാധികാരിയായിരുന്ന സാന്റാ അന. ഫ്രഞ്ചുകാരുമായുള്ള യുദ്ധത്തില്‍ ജയിച്ചാണ് സാന്റാ അന അധികാരത്തില്‍ വരുന്നത്. ആ യുദ്ധത്തിനിടെ അദ്ദേഹത്തിന്റെ ഒരു കാല് പോയി. പക്ഷെ, അദ്ദേഹത്തിന്റെ അനുയായികള്‍ ആ കാല് ഭദ്രമായി സൂക്ഷിച്ചുവെച്ചു. അദ്ദേഹം പട്ടാള ഭരണാധികാരിയായി വന്നപ്പോള്‍, കിരീടധാരണത്തിനുശേഷം ആ കാല് മറവ് ചെയ്യാന്‍ വലിയ ആഘോഷം സംഘടിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന് എതിരായി മറ്റൊരു കൂട്ടര്‍ രംഗത്ത് വരികയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ആ കാലും എടുത്ത് പുറത്തു കളഞ്ഞു. പിന്നെയും സാന്റാ അന അധികാരത്തില്‍ വരുന്നു. ആ കാലും തിരിച്ചുവന്നു. അതാണ് സാന്റാ അനയുടെ ചരിത്രം.
 
അതുപോലെയാണ് വെനിസ്വേലയുടെ ഏകാധിപതിയായിരുന്ന വിന്‍സന്റ് ഗോമസിന്റെ ചരിത്രവും. അയാള്‍ ഒരു ദിവസം പെട്ടെന്ന് മരിച്ചു. വാര്‍ത്ത എല്ലാ ദിക്കിലും പരന്നു. അതുകേട്ട് കൊട്ടാരത്തിന്റെ മുറ്റത്തേക്ക് ആളുകള്‍ ഓടിക്കൂടി പാടി ആഘോഷമാക്കി.ഭയങ്കരമായ ആഘോഷം. പെട്ടെന്ന് മരിച്ചയാള്‍ എഴുന്നേറ്റു കല്‍പന പുറപ്പെടുവിച്ചു: 'ഇവരെയൊക്കെ വെടിവെക്കു'. തനിക്കെതിരായവര്‍ ആരൊക്കെയെന്ന് കണ്ടെത്താനാണ് അങ്ങനെയൊരു പരീക്ഷണം വിന്‍സന്റ് ഗോമസ് നടത്തിയത്. അവരെയെല്ലാം വെടിവെച്ചുകൊന്നു. അതുകൊണ്ട് അദ്ദേഹം ശരിക്കും മരിച്ചപ്പോള്‍ പേടിയായിരുന്നു ആളുകള്‍ക്ക്. മിലിട്ടറി യൂണിഫോമൊക്കെ ധരിപ്പിച്ചായിരുന്നു അദ്ദേഹത്തെ സിംഹാസനത്തില്‍ ഇരുത്തിയിരുന്നത്. ചിലര്‍ക്കൊക്കെ അപ്പോഴും സംശയമായിരുന്നു ഇദ്ദേഹം മരിച്ചതാണോ എന്ന്.
 
ചരിത്രത്തിലെ മറ്റൊരു ഏകാധിപതി ഗള്‍ഫ് ഓഫ് സ്പെയിനിലെ ഐസ്കട്ടകള്‍ മുഴുവന്‍ അരിസോണ മരുഭൂമിക്ക് പകരമായി വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത് മാജിക്കൊന്നുമല്ല. അവരുടെ ചരിത്രമാണ്. ചരിത്രം കെട്ടുകഥകളേക്കാള്‍ വിചിത്രമാണ്.
 
ഇങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളിലും നടന്ന ചരിത്രങ്ങള്‍ നോക്കിയാല്‍ ഏകാധിപതികളുടെ ക്രൂരമായ ശക്തികൊണ്ട് അധികാരത്തിലെത്തി ഭരണം നടത്തിയവരുടെ പേരുകള്‍ കറുത്തമഷി കൊണ്ട് രേഖപ്പെടുത്തിയതായി കാണാം. ഈ വയലന്‍സ് മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. കൂടെയുള്ളവന്‍ വീഴുമ്പോള്‍ ചിരിക്കുമെന്ന് നമ്മളൊക്കെ പറയാറുണ്ട്. വീഴുമ്പോഴുള്ള ഈ ചിരി ആദിമമനുഷ്യന്‍ കുന്തമെറിഞ്ഞ് വേട്ടയാടിയപ്പോള്‍ അവന്റെ ഇര വീഴുന്ന നേരത്ത് കാണിച്ചിരുന്ന ആഹ്ളാദമാണ്. അതിന്റെ അവശിഷ്ടമാണ് ഇപ്പോഴത്തെ മനുഷ്യനിലും നിലനില്‍ക്കുന്നതെന്ന് പറയപ്പെടുന്നു. വയലന്‍സ് എന്നത് എവിടെയും എളുപ്പമാണ്.'ഒറ്റത്തീപ്പൊരി ഒരു വീട്ടെച്ചുടും' എന്നു പറയാറില്ലേ. ഒരു അരിപ്പച്ചൂട്ട് കത്തിച്ചെറിഞ്ഞാല്‍ ഒരു ഗ്രാമത്തെ മുഴുവന്‍ കത്തിക്കാനാവും. 
 
ജര്‍മ്മനിയിലെ ബിയര്‍ഹാളുകളില്‍ വന്നുകൂടുന്ന ചെറുപ്പക്കാരോട് ആര്യവംശത്തിന്റെ മഹത്വം പ്രസംഗിച്ചാണ് ഹിറ്റ്ലര്‍ ഏറ്റവും വലിയ ഏകാധിപതിയായി മാറാന്‍ പരിശീലനം നേടിയത്. വയലന്‍സ് ഉണ്ടാക്കാന്‍ എളുപ്പത്തില്‍ സാധിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണം പറഞ്ഞത് ഷേക്സ്പിയര്‍ തന്നെ. വിജയിയായി റോമില്‍ എത്തുന്ന ജൂലിയസ് സീസറെ സ്വീകരിക്കാന്‍ എല്ലാവരും കാത്തുനില്‍ക്കുകയാണ്. കൂട്ടത്തില്‍ ബ്രൂട്ടസും കാഷ്യസും അങ്ങനെ കുറച്ചുപേര്‍ എതിരാളികളായുണ്ട്. അവരെല്ലാം ചേര്‍ന്നാണ് സെനറ്റ്ഹാളില്‍ വെച്ച് സീസറെ കുത്തിക്കൊല്ലുന്നത്. റോമിന്റെ മുഴുവന്‍ ആരാധനയും പേറിയിരുന്ന സീസറെ ഓരോരുത്തരായി മാറി മാറി കുത്തി വീഴ്ത്തുകയായിരുന്നു. ജനങ്ങള്‍ അത്ഭുത സ്തബ്ധരായി നില്‍ക്കുമ്പോഴാണ് ബ്രൂട്ടസിന്റെ പ്രസംഗം വരുന്നത്.'Not that I loved Ceaser less, but I loved Rome more....' അപ്പോള്‍ ജനങ്ങളുടെ മനസ്സ് മാറി. നമ്മള്‍ ആരാധിച്ചിരുന്ന സീസറിനെയല്ല ബ്രൂട്ടസ് വീഴ്ത്തിയത്. ഈ സീസറുടെ ശവം അടക്കം ചെയ്യാനുള്ള അനുവാദം ചോദിച്ചുകൊണ്ടാണ് മാര്‍ക്ക് ആന്റണി പ്രസംഗിക്കുന്നത്. നേരത്തേ സീസര്‍ക്കുണ്ടായിരുന്ന ഇമേജ് പുനസ്ഥാപിക്കുകയാണ് ആന്റണി തന്റെ പ്രസംഗത്തിലൂടെ ചെയ്തത്. അപ്പോഴേക്കും ജനങ്ങളാകെ മാറിപ്പോകുന്നു. സീസറിനെതിരായി ഗൂഢാലോചന നടത്തിയ ബ്രൂട്ടസിനെയും കാഷ്യസിനെയും തെരഞ്ഞു നടക്കുന്നതും അതേ ജനം തന്നെയാണ്. ഇതിലൂടെ ഷേക്സ്പിയര്‍ ചരിത്രം രേഖപ്പെടുത്തുക മാത്രമല്ല ചെയ്തത്. അക്രമാസക്തമാക്കാനായി വാചാടോപമുള്ള ഒരാള്‍ പുറപ്പെട്ടാല്‍ സാധിക്കുമെന്ന് സ്ഥാപിക്കുകയായിരുന്നു. അങ്ങനത്തെ ഒരു കാലഘട്ടം നമ്മള്‍ പിന്നിട്ടിട്ടുണ്ട്. അത്തരമൊരു കാലത്ത്, ഈ കേരളത്തില്‍ എന്തോ അപകടം സംഭവിക്കും എന്ന് നമ്മള്‍ കരുതിയിരുന്ന ഒരു സമയത്ത് നമ്മള്‍ നിന്നു. ഞാന്‍ പറയുന്നത് ബാബരി മസ്ജിദിന്റെ കാര്യമാണ്. ഇവിടുത്തെ എല്ലാ ആളുകളും ഇവിടെ എന്തെങ്കിലും കലാപം ഉണ്ടാകുമെന്ന് കരുതി നില്‍ക്കുന്നു. 
 
അപ്പോള്‍ ആ മഹാവിപത്തില്‍നിന്ന് നമ്മുടെ പ്രദേശത്തെ രക്ഷിക്കാനായി ശാന്തിയുടെ ഗോവര്‍ദ്ധനം പിടിച്ചയാളായിരുന്നു ശിഹാബ് തങ്ങള്‍. അത് അദ്ദേഹത്തിന്റെ ഒരു പരാധീനതയോ ദൗര്‍ബല്യമോ ആയി ചിലര്‍ വ്യാഖ്യാനിച്ചുകാണുകയുണ്ടായി. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ നേരത്തേ പറഞ്ഞത്. ഒരാള്‍ക്കൂട്ടത്തെ പ്രക്ഷുബ്ധരാക്കാന്‍, പ്രകമ്പനം കൊള്ളിക്കാന്‍ എളുപ്പമാണ്. ഒരു തീപ്പൊരി എറിഞ്ഞാല്‍ വീട് കത്തുന്നതുപോലെ പത്തു വാചകം പറഞ്ഞുകഴിഞ്ഞാല്‍ ജനം ക്ഷോഭിച്ച് ആയുധമെടുക്കും. അതിന് ചരിത്രത്തില്‍ എത്രയോ തെളിവുകളുണ്ട്. എന്നാല്‍ ശാന്തിയുടെ മേല്‍ക്കൂര സൃഷ്ടിക്കാന്‍ എളുപ്പം സാധിക്കില്ല. കാരണം, ചരിത്രത്തില്‍ അടിസ്ഥാനപരമായി മനുഷ്യന്‍ ഇങ്ങനെയാണ്. മനുഷ്യരില്‍ ജീവശാസ്ത്രപരമായി കിട്ടിയ അക്രമവാസന മറികടക്കണമെങ്കില്‍ ആധ്യാത്മികമായ ചൈതന്യം വേണം. അവര്‍ക്കുമാത്രമേ ശാന്തിയുടെ മേല്‍ക്കൂര പണിയാന്‍ സാധിക്കു. അങ്ങനെ നമ്മള്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ശാന്തിയുടെ ഒരന്തരീക്ഷം ഇവിടെ പുലരണം എന്ന് വളരെ നിഷ്ഠയോടെ പറഞ്ഞ ആളായിരുന്നു ശിഹാബ് തങ്ങള്‍ എന്നു കാണാന്‍ കഴിയും.
 
നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ക്കും കക്ഷിരാഷ്ട്രീയത്തിനുമൊക്കെ അതീതമായി മാനവികത എന്നൊന്നുണ്ട്. മനുഷ്യന്‍ എന്ന ഒന്നുണ്ട്. അതുയര്‍ത്തിപിടിക്കാന്‍ ആവശ്യമായ തെന്തൊക്കെയുണ്ടോ അതാണ് നമ്മള്‍ ചെയ്യേണ്ടത്. അതിനെയാണ് നമ്മള്‍ മഹത്വം എന്നു പറയുന്നത്. എളുപ്പത്തില്‍ ക്ഷോഭമുണ്ടാക്കാന്‍ ആര്‍ക്കും കഴിയും. എളുപ്പത്തില്‍ തീ വെക്കാന്‍ ആര്‍ക്കും സാധിക്കും. ആള്‍ക്കൂട്ടത്തിന്റെ കൂടെ പോവുമ്പോള്‍ അപ്പുറവും ഇപ്പുറവും നമ്മള്‍ നോക്കില്ല. മുദ്രാവാക്യം വിളിക്കും. ബഹളംവെക്കും. കല്ലെറിയും. കല്ലെറിയുന്നതിന് ഒരു പ്രത്യേകതയുണ്ട്. അത് സാമൂഹികശാസ്ത്രപരം കൂടിയാണ്. എറിയുമ്പോള്‍ അതിന്റെ റിസള്‍ട്ട് ഉടനെ അറിയാന്‍ കഴിയും. ഗ്ളാസൊക്കെ പെട്ടെന്ന് പൊട്ടും. അത് കാണുമ്പോള്‍ സന്തോഷം. തീവെക്കുമ്പോള്‍ എളുപ്പത്തില്‍ ആളിപ്പടരും. അക്രമത്തിന്റെ പ്രത്യക്ഷമായ മാരകഫലങ്ങള്‍ കാണാനുള്ള ഒരവസരമായാണ് ഇതിനെ കാണുക. അതില്‍നിന്ന് മാറിനിന്നുകൊണ്ട് മാനവികത എന്നു പറയുന്ന ഒരു മേല്‍ക്കൂര നമ്മുടെ തലക്ക് മുകളില്‍ ഉയര്‍ത്തിപിടിക്കാന്‍ ശ്രമിക്കുന്നവരെയാണ് നമ്മള്‍ മഹത്തുക്കള്‍ എന്ന കോളത്തില്‍ എഴുതിവെക്കുന്നത്. അങ്ങനത്തെ ഒരാളാണ് ശിഹാബ് തങ്ങള്‍.
 
ഐക്യരാഷ്ട്രസഭ ആരംഭിച്ച കാലത്ത് അതിന്റെ ചട്ടം എഴുതിവെച്ചപ്പോള്‍ അതിലെ പ്രത്യേകമായ ഒരു അധ്യായത്തിന് പേര് വിളിച്ചിരുന്നത് culture of peace എന്നായിരുന്നു. ഐക്യരാഷ്ട്രസഭ ഉണ്ടാക്കിയ പല തത്വങ്ങളും പിന്നീട് വിസ്മരിക്കപ്പെട്ടു. ബോധവല്‍ക്കരണത്തിലൂടെ, സംവാദത്തിലൂടെ, സഹകരണത്തിലൂടെ അക്രമരഹിതമായ അവസ്ഥ സൃഷ്ടിക്കുക എന്നാണ് 'കള്‍ച്ചര്‍ ഓഫ് പീസ്' എന്നതിന്റെ അര്‍ത്ഥം. മനുഷ്യാവകാശങ്ങള്‍ക്കും അടിസ്ഥാന സ്വാതന്ത്യ്രത്തിനും ആവശ്യമായ അംഗീകാരം നല്‍കുക. സ്വാതന്ത്യ്രം, നീതി, ജനാധിപത്യവ്യവസ്ഥ, സഹിഷ്ണുത, ഐക്യബോധം, ബഹുമുഖ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കുന്ന മാനസികാവസ്ഥ ഇതെല്ലാം ചേര്‍ന്നതാണ് 'കള്‍ച്ചര്‍ ഓഫ് പീസ്'. ആ സമാധാനത്തിന്റെ  സംസ്കാരമാണ്  നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. വീണ്ടും നാം സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപിടിക്കേണ്ടിയിരിക്കുന്നു.
 
ആ സംസ്കാരത്തിന്റെ പതാക വാഹകരില്‍ ഒരാളായിരുന്നു ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ തത്വസംഹിതകള്‍ എന്തായിരുന്നു, ഈ കാലഘട്ടം എന്താണ്, നമ്മുടെ സമൂഹം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. നമുക്കിടയില്‍ മതിലും വരമ്പുകളും ഉണ്ടാവരുത്. ആ തത്ത്വസംഹിത എക്കാലവും ഉണ്ടായിരിക്കണം. എളുപ്പത്തില്‍ വിസ്മരിക്കാതിരിക്കണം. അതാണ് അദ്ദേഹത്തിനുള്ള ഏറ്റവും നല്ല സ്മരണ.
 
അധികാരത്തിന്റെ അല്ലെങ്കില്‍ മുഷ്‌കിന്റെ അല്ലെങ്കില്‍ നശീകരണായുധങ്ങള്‍ കൈവശമുള്ളതിന്റെ പേരിലല്ല അദ്ദേഹത്തിന്റെ ചുറ്റും ജനങ്ങള്‍ വന്നത്. അദ്ദേഹത്തിന്റെ ചുറ്റും ആരാധകരും അനുയായികളും നിന്നിരുന്നത് സ്‌നേഹത്തിന്റെ ഒരു വലിയ അന്തരീക്ഷം ചുറ്റും സൃഷ്ടിച്ചുകൊണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by