Guest Book Credits Panel Members
 
 
Articles
ലോകനേതൃത്വം മനുഷ്യത്വം മാനിക്കുക
By Shihab Thangal
മനുഷ്യനന്മയുടെ സമസ്തഘടകങ്ങളെയും ഉദ്ദീപിപ്പിക്കുന്നതും അതുവഴി പാരത്രികവിജയത്തിന്റെ സമ്പൂര്‍ണ്ണമാര്‍ഗം തെളിയിക്കുന്നതുമാണ് വിശുദ്ധ റമസാന്‍. വ്രതാനുഷ്ഠാനം ഒരു നവജാതശിശുവിന്റെ നൈര്‍മല്യമാണ് വിശ്വാസിയില്‍ ഉളവാക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചതും ഖുര്‍ആന്‍ അവതരണംകൊണ്ട് മഹത്വമാര്‍ജിച്ചതുമായ മാസം എന്ന സവിശേഷതയും റമസാനിലുണ്ട്. ഖുര്‍ആനിക മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ നമ്മുടെ ജീവിതപരിസരങ്ങളെ വിലയിരുത്താന്‍കൂടി റമസാന്‍ പ്രേരണയാകുന്നു. 

സമൂഹത്തിന് അനുകരണീയമായ മാതൃകയാകാന്‍ പോന്ന 'ഉത്തരമമനുഷ്യന്റെ രൂപീകരണമാണ് റമസാന്‍ സാധ്യമാക്കുന്നത്. 'മാനവ കുലത്തിനുവേണ്ടി നിയുക്തമായ ഉത്തമ സമുദായമാണ് നിങ്ങള്‍' എന്ന ഖുര്‍ആന്‍ വിശേഷണം വിശ്വാസിയില്‍ ഏല്‍പിക്കുന്ന ഉത്തരവാദിത്തം വളരെ വിപുലമാണ്. "നന്മ ചെയ്യുന്നതിന്റെയും ദൈവഭക്തിയുടെയും മാര്‍ഗങ്ങളില്‍ നിങ്ങള്‍ പരസ്പരം സഹരിക്കുക; പാപത്തിന്റെയും അതിക്രമത്തിന്റെയും കാര്യങ്ങളില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കരുത്'' എന്ന് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നത് സര്‍വ്വകാലത്തെയും സര്‍വ്വജനതയെയും മുഴുവന്‍ ലോകത്തെയുമാണ്. 
 
ലോകമിപ്പോള്‍ കൈകോര്‍ക്കുന്നത് പക്ഷേ, നന്മയുടെ സംസ്ഥാപനത്തിനുവേണ്ടിയല്ല. ജനങ്ങള്‍ക്ക് നേതൃത്വവും സംരക്ഷണവും നല്‍കേണ്ട ഭരണകൂടങ്ങള്‍പോലും സംസാരിക്കുന്നത് അക്രമത്തിന്റെ ഭാഷയിലാണ്. 'ഭീകരത'ക്കെതിരായ യുദ്ധവും 'സാമ്രാജ്യത്വ'ത്തിനെതിരായ  പ്രത്യാക്രമണവും നിരപാധികളുടെ രക്തവും ജീവനും തട്ടിയെടുത്താണ് വിജയഭേരി മുഴക്കുന്നത്. എല്ലാ യുദ്ധങ്ങളുടെയും വിജയക്കൊടിക്ക് നിറം പകരുന്നത് പകയും വിദ്വേഷവുമറിയാത്ത പാവം മനുഷ്യരുടെ ഹൃദയരക്തമാണ്. 
 
ഇറാഖും ഫലസ്തീനും മുതല്‍ ഗുജറാത്ത് വരെയും നമ്മുടെ കാഴ്ചകളത്രയും മനുഷ്യത്വത്തെക്കുറിച്ചുള്ള എല്ലാ സങ്കല്‍പങ്ങളും തകര്‍ക്കുന്നതാണ്. 'നവലോകക്രമ'ത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും 'ഏകലോക' സങ്കല്‍പങ്ങളുടെയുമെല്ലാം അന്തിമഘട്ടം ഒരു ഏകച്ഛത്രാധിപതിക്കു കീഴില്‍ ലോകത്തെ മുഴുവനായി കൊണ്ടുവന്ന് നിര്‍ത്തുക എന്നതാണ്.  രാഷ്ട്രങ്ങളുടെ ദൌര്‍ബല്യങ്ങളില്‍നിന്നും മനുഷ്യന്റെ ആര്‍ത്തികളില്‍ നിന്നും അഹന്തകളില്‍നിന്നും ഉടലെടുത്ത മറ്റൊരു രാഷ്ട്രരൂപമാണ് ഈ 'ഛത്രാധിപതി'. സര്‍വ്വരാജ്യങ്ങള്‍ക്കും മീതെ അധീശക്തിയാകാനുള്ള ഈ ഒറ്റശക്തിയുടെ വെമ്പലാണ് യുദ്ധമേഘങ്ങളായി ലോകത്തെങ്ങും ഘനീഭവിച്ചു നില്‍ക്കുന്നത്. ഓരോ രാജ്യത്തിന്റെയും വിപണിയിലും സമ്പദ്നയത്തിലും മാത്രമല്ല ആഭ്യന്തര രാഷ്ട്രീയത്തില്‍പോലും ഇടപെടല്‍ ധൈര്യം കാണിക്കുന്ന ഈ 'ബാഹ്യശക്തി', വറുതിയില്‍ നില്‍ക്കാത്ത ജനസമൂഹങ്ങളെ ആ രാഷ്ട്രത്തിനകത്ത് കയറിത്തന്നെ ആയുധബലത്താല്‍ ഉന്മൂലനം ചെയ്യുന്നു. താല്‍ക്കാലികമായി ഒരാക്രമണമല്ല; ദീര്‍ഘകാല ഫലമുളവാക്കുന്ന നശീകരണതന്ത്രമാണ് ഓരോ യുദ്ധത്തിലും വിജയകരമായി പ്രയോഗിക്കപ്പെടുന്നത്. 
 
രാഷ്ട്രങ്ങളെ കീഴടക്കുമ്പോള്‍ അതിന്റെ മാനവവിഭവശേഷിയല്ല ഈ ഒറ്റശക്തിക്കാവശ്യം. പകരം മണ്ണും ഖനിജങ്ങളും മാത്രമാണ്. മനുഷ്യര്‍ അവശേഷിക്കുമ്പോള്‍ തലമുറകള്‍ക്ക് ശേഷമെങ്കിലും സ്വന്തം മണ്ണിനെ ഓര്‍ത്ത് ചെറുത്തുനില്‍പിന്റെ പുതിയപൊരികള്‍ കണ്ടെക്കുമെന്ന ആശങ്കയാണ് 'വംശഹത്യ'യുടെ രാഷ്ട്രീയം തന്നെ പ്രയോഗിക്കാന്‍ ഈ ശക്തിയെ പ്രേരിപ്പിക്കുന്നത്. 
 
'ഭീകരവിരുദ്ധയുദ്ധ'മെന്ന് പേരിട്ട് അഫ്ഗാനിസ്ഥാനിലേക്ക് പോയ അമേരിക്കന്‍ സൈനികവ്യൂഹം ഭരണകൂടത്തെ അട്ടിമറിച്ച് പുതിയ സര്‍ക്കാറിനെ അവരോധിച്ച് വര്‍ഷമൊന്നായിട്ടും, യുദ്ധകാലത്ത് അവിടെ നിക്ഷേപിച്ച 'ക്ളസ്റ്റര്‍ ബോംബു'കള്‍ ഇപ്പോഴും പൊട്ടിത്തെറിക്കുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമടക്കം അനേകം നിരപരാധികള്‍ ദാരുണമരണത്തിനിരയാകുന്നു. ഫലസ്തീന്‍ ജനത ജന്മഭൂമിയില്‍ വെടിയുണ്ടയേറ്റും പൊട്ടിത്തെറിച്ചും തീരാന്‍ തുടങ്ങിയിട്ട് അനേകം ദശകങ്ങളായി. തങ്ങള്‍ക്ക് അന്യാധീനപ്പെട്ട സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തുന്ന ഈ സ്വാതന്ത്യ്ര പോരാട്ടത്തെ പോലും 'ഭീകരത'യെന്ന് വിളിക്കാന്‍ അന്താരാഷ്ട്ര മീഡിയകള്‍ തയ്യാറാവുന്നുവെന്നത് പുതിയ 'ഏകലോക ക്രമം' നല്‍കുന്ന അശുഭകരമായ സന്ദേശമാണ്. 
 
ഇസ്രയേലി ഭീകരതക്കു കരുത്തുപകരുന്ന ശക്തി തന്നെയാണ് ഇറാഖിനുമേല്‍ യുദ്ധവാശിയില്‍ നിലയുറപ്പിക്കുന്നത്. അഞ്ഞൂറുകൊല്ലത്തെ ചരിത്രത്തിന്റെ പിന്‍ബലവുമായി ലോകത്തിന് മുകളില്‍ നില്‍ക്കുന്ന അമേരിക്ക ഇറാഖിനെ തകര്‍ത്താല്‍ ലോകത്തിന് നഷ്ടമാവുന്നത് മാനവചരിത്രത്തോളം പഴക്കമുള്ള ഒരു നാഗരികതയായിരിക്കും. ഐക്യരാഷ്ട്ര സംഘടന എന്തുപറഞ്ഞാലും 'തങ്ങള്‍ ചെയ്യേണ്ടത് ചെയ്തിരിക്കും' എന്ന അമേരിക്കന്‍ പ്രഖ്യാപനം ലോകവ്യാപകമായി നേരിടേണ്ടിവരുന്ന യുദ്ധക്കെടുതിയുടെ അപായസൂചനയാണ്. അന്താരാഷ്ട്ര കമ്പോളങ്ങളിലും ദരിദ്രരാജ്യങ്ങളുടെ ഗ്രാമക്കുടിലുകളില്‍പോലും ഈ യുദ്ധം ഭീതിയായി മുന്നില്‍ നില്‍ക്കുന്നു. അഫ്ഗാന്‍, ഇറാഖ് ഭൂമികള്‍ നല്‍കുന്ന ഇന്ധനശക്തി ഭാവിയിലും എതിര്‍പ്പില്ലാതെ പ്രയോജനപ്പെടുത്താന്‍ സിവിലിയന്‍ നഗരങ്ങളില്‍ ബോംബുവര്‍ഷം നടത്തേണ്ടത് ഒരു രാഷ്ട്രീയ ആവശ്യമാണ്. 'വംശഹത്യ'യല്ലാതെ ഒരു വാണിജ്യ അധികാരലക്ഷ്യങ്ങള്‍ക്കുമുന്നില്‍ മറ്റു മാര്‍ഗമില്ല. 
 
ഗുജറാത്തില്‍ അനേകായിരം മനുഷ്യരെ ചുട്ടുകൊന്ന 'കറുത്തചരിത്ര'മുണ്ടായത് പ്രാകൃതയുഗത്തിലല്ല; ശാസ്ത്രം സമ്പൂര്‍ണ്ണ വളര്‍ച്ചയെത്തിനില്‍ക്കുന്ന ഈ വര്‍ത്തമാനത്തിന്റെ മുമ്പിലാണ്. പ്രതിരോധമില്ലാത്ത രാഷ്ട്രീയാധികാരവും സാമ്പത്തിക താല്‍പര്യങ്ങളുമായാണ് ഗുജറാത്തിലെ കൂട്ടക്കൊലകള്‍ക്ക് നിദാനം. ഗുജറാത്തില്‍ ഒരു 'ഏകാച്ഛത്രാധിപതി'യെ സൃഷ്ടിക്കണമെങ്കില്‍ പ്രത്യയശാസ്ത്രപ്പൊരുത്തമില്ലാത്ത ജനതയുടെ വംശഹത്യ അനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞവര്‍ സാമ്പത്തികമോഹങ്ങളുള്ളവരെ ഇതിനായി ആയുധമണിയിച്ചു. ശാന്തിദൂതുമായി ലോകമെങ്ങുമെത്തിയ ഗാന്ധിജി പിറന്ന മണ്ണില്‍ ക്രൂരതയുടെ ലോകമാതൃകയായ ഹിറ്റ്ലറുടെ കാലത്തുപോലും കാണാത്ത കൊടുംക്രൂരതകള്‍ അരങ്ങേറി. ഈ വംശഹത്യാ രാഷ്ട്രീയം അന്താരാഷ്ട്രീയമാനങ്ങളുള്ളതാണ്. പരസ്പരബന്ധിതമായ ആശയങ്ങളുടെയും ആശകളുടെയും പങ്കുവെപ്പാണ് അഹമ്മദാബാദില്‍ നിന്നും ദില്ലിവഴി അമേരിക്കയിലേക്കും തിരിച്ചിങ്ങോട്ടും ഒഴുകിപ്പരക്കുന്നത്. 
 
മതേതരത്വവും ജനാധിപത്യവും വിശ്വോത്തര ബഹുമാനം നല്‍കിയ ഒരു രാഷ്ട്രത്തിന്റെ ആത്മാവിനെയാണ് ഇന്ത്യയിലെ പുതിയ അധികാരരാഷ്ട്രീയം തകര്‍ക്കുന്നത്. പാഠപുസ്തകങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും വര്‍ഗീയ വിദ്വേഷത്തിന്റെ അധ്യായങ്ങള്‍മാത്രം നിറയ്ക്കുന്നതും ഇതര മതസ്ഥരുടെ വേദഗ്രന്ഥങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തിനൊത്ത് ഭേദഗതി ചെയ്യണമെന്ന് ശഠിക്കുന്നതും ഭരണഘടന നല്‍കുന്ന സ്വാതന്ത്യ്രമുയോഗിച്ച് ഇഷ്ടമുള്ള മതവും ആശയവും സ്വീകരിക്കാനുള്ള അവകാശത്തെ തടയുന്നതുമെല്ലാം പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുക എന്ന അന്താരാഷ്ട്ര കുതന്ത്രം തന്നെയാണ്.  'പുത്തന്‍ ലോകക്രമത്തി'ന്റെ ജീര്‍ണ്ണതകളെ ചെറുക്കുന്ന സമൂഹങ്ങളെ നശിപ്പിക്കേണ്ടതും ഈ അന്താരാഷ്ട്രീയ ആവശ്യമാണ്. ഇതിന്റെ ഉപോല്‍പന്നമായ മനുഷ്യത്വരാഹിത്യത്തിന്റെയും ക്രൂരതയുടെയും കൈയൂക്കിന്റെയം അസാന്മാര്‍ഗികതയുടെ ഹീനശൈലി വന്‍രാഷ്ട്രങ്ങള്‍ മുതല്‍ നമ്മുടെ ഗ്രാമങ്ങള്‍ വരെ വ്യാപിക്കുകയാണ്. ഈ ഘട്ടത്തിലാണ് 'പാപത്തിന്റെയും അതിക്രമത്തിന്റെയും കാര്യങ്ങളില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കരുത്; ഗുണം ചെയ്യുന്നതിന്റെയും ദൈവഭക്തിയുടെയും മാര്‍ഗത്തില്‍ ചേര്‍ന്നു നില്‍ക്കുക'' എന്ന ഇസ്ലാമികാധ്യാപനം പ്രസക്തമാകുന്നത്. 
 
സമൂഹനന്മയുടെ പാതയില്‍ ഒന്നിച്ചുനില്‍ക്കാനുള്ള ആഹ്വാനമാണ് ഇസ്ലാമിന്റേത്. എല്ലാ മതങ്ങളും നല്‍കുന്ന സന്ദേശവും ശാന്തിയുടെയും സ്നേഹത്തിന്റെയുമാണ്. മതങ്ങളുടെ സമാധാനം പുനഃസ്ഥാപിക്കപ്പെടും. മതം മനുഷ്യത്വത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ലോകരാഷ്ട്ര നേതൃത്വം മനുഷ്യത്വത്തിന് വില കല്‍പിക്കുകയാണെങ്കില്‍ വന്‍കരകളില്‍ യുദ്ധഭീതിയില്ലാതെ ജനങ്ങള്‍ക്ക് കഴിയാം. 
 
ഭൌതികമായ അധീശത്വമല്ല പരലോകമോക്ഷമാണ് മതങ്ങള്‍ ലക്ഷ്യമാക്കുന്നത്. മതങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ അനുഷ്ഠാനങ്ങളുമായി മാത്രം ബന്ധപ്പെട്ടു ചുരുക്കാതെ എല്ലാ തലങ്ങളിലേക്കും ആശയവിനിമയം സാധ്യമാക്കണം. വിശുദ്ധ ഖുര്‍ആനിനെയും വിശ്വാസിയുടെ ജീവിതലക്ഷ്യത്തെയും സംബന്ധിച്ച പഠനത്തിന്റെയും പരിശീലനത്തിന്റെയും ഘട്ടമാണ് റമസാന്‍. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) പറയുന്നു: "വ്രതം പരിചയാണ്. നരകത്തെ തടുക്കുന്ന പരിച'' വാക്കിലും കര്‍മത്തിലും ചിന്തയിലും ദൈവസ്മരണയും സൂക്ഷ്മതയും പാലിച്ചവര്‍ക്കാണ് വ്രതത്തിന്റെ പ്രതിഫലം. ജീവിതമെന്ന സൌഭാഗ്യം തന്നതിന് തന്നെ നാം  ദൈവത്തോട് എത്ര നന്ദി ചെയ്താലും മതിയാകില്ല. പ്രപഞ്ചത്തിലെ ഓരോ പരമാണുവിലും സ്പന്ദിക്കുന്നത് ദൈവികശക്തിയാണ്. ഖുര്‍ആന്‍  ഓര്‍മിപ്പിക്കുന്നുണ്ട്: 'അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങളെ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് ആശ്രദ്ധരാക്കിക്കൂടാ, വല്ലവരും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവര്‍ നഷ്ടം സംഭവിച്ചവര്‍ തന്നെയാകുന്നു. ദൈവികചിന്തയാല്‍ നിറഞ്ഞുനില്‍ക്കുന്ന മനുഷ്യമനസ്സില്‍ കാലുഷ്യത്തിനും തിന്മക്കും ഇടമുണ്ടാകില്ല.'' 
 
സമ്പദ് പുരോഗതിയുടെ വഴിതേടി ആഗോളവല്‍ക്കരണത്തിനു പിറകെയാണ് ലോകസമൂഹം. ഉയര്‍ന്ന ജീവിത ചുറ്റുപാടുകളുടെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ നിശ്ചയിക്കപ്പെടുന്ന മനുഷ്യാവസ്ഥ ശക്തിപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ സ്വതന്ത്രസഞ്ചാരങ്ങള്‍ക്കും ജീവിതലഹരിക്കും തടസ്സമായി നില്‍ക്കുകയാണ് ധര്‍മ്മമൂല്യങ്ങള്‍ എന്ന് വന്നപ്പോള്‍ വിശ്വാസവും പൈതൃകവുമെല്ലാം പെരുവഴിയിലുപേക്ഷിച്ച് ഉന്മാദികളുടെ ആഘോഷങ്ങളിലേക്ക് പോകുകയാണ് പുതിയ തലമുറ. ജീവിതാഡംബരത്തിനും ധനസമ്പാദനത്തിനും ഏത് മാര്‍ഗ്ഗവും സ്വീകരിക്കാമെന്നത് പ്രായഭേദമന്യെ നിര്‍ലജ്ജം അംഗീകരിക്കപ്പെടുന്ന പുതിയ പ്രത്യയശാസ്ത്രമായിരിക്കുന്നു. മനുഷ്യന്റെ അതിരുവിട്ട ഉപഭോഗാസാക്തിയും ആത്മീയമായ പൈതൃകവും തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങളിലൂടെയാണ് പുതിയ നൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്നത്. 
 
അസഹിഷ്ണുതയുടെ നൂറ്റാണ്ടിതെന്ന നിഗമനങ്ങള്‍ക്ക് ബലമേകിയ അസംഖ്യം സംഭവവികാസങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. അന്യരുടെ അവകാശങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുന്നതും ദുര്‍ബലര്‍ക്ക് മുകളില്‍ കായികബലത്തില്‍ അധീശത്വം സ്ഥാപിക്കുന്നതും ഒന്ന് മറ്റൊന്നിനെ കൊന്നുതിന്നുന്നതും നീതിവല്‍ക്കരിക്കുന്നത് കണ്ടു പരിചയിച്ച കാലം. നൂറ്റാണ്ടിന്റെയും സഹസ്രാബ്ദത്തിന്റെയും ആഗമനം കേവലമായ കലണ്ടര്‍ മാറ്റമല്ലെന്നും മനുഷ്യഭാവങ്ങളെ തന്നെ അത് സ്വാധീനിക്കുമോ എന്നും ആശങ്കപ്പെടുകയാണ് ലോകം. ജനതയുടെ ഭൌതിക ചുറ്റുപാടുകളെ നിയന്ത്രിക്കുന്ന മുഖ്യഘടകങ്ങളില്‍പ്പെട്ട രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മണ്ഡലമാകെ കിടമല്‍സരങ്ങളുടെയും ഏറ്റുമുട്ടലിന്റെയും വഴിമാത്രം തിരഞ്ഞെടുക്കുമ്പോള്‍ അതിനുള്ളില്‍ നിന്ന് സമാധാനമാഗ്രഹിക്കുന്ന മനുഷ്യനെ രക്ഷപ്പെടുത്താന്‍ മത, ധര്‍മ്മ മൂല്യങ്ങള്‍ക്കേ കഴിയൂ എന്ന സന്ദേശമാണ് പരിശുദ്ധറമസാന്‍ നല്‍കുന്നത്. അതുകൊണ്ട് ആത്മസംസ്കരണത്തിന്റെ മാസമെന്ന് റമസാന്‍ വിശേഷിപ്പിക്കപ്പെടുന്നു. പ്രപഞ്ചത്തെയും സകലചരാചാരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ജഗന്നിയന്താവ് സൃഷ്ടികളില്‍ ഔന്നിത്യം നല്‍കിയത് മനുഷ്യനാണ്. ആവശ്യനിര്‍വഹണത്തിനായി ഭൂമിയെ മനുഷ്യന് വശപ്പെടുത്തിക്കൊടുത്ത സര്‍വ്വശക്തന്‍ 'ഐഹികവിഹാരത്തില്‍ വഞ്ചിതരാകരുതെന്നും' (വി. ഖുര്‍ആന്‍) മുന്നറിയിപ്പ് നല്‍കി. പക്ഷേ, സുഖാഡംബരങ്ങളുടെ പ്രലോഭനത്തില്‍ മയങ്ങിവീണവര്‍ അല്ലാഹുവിനെ മറന്ന്, ജീവിതദൌതം മറന്ന്, തന്നെതന്നെ മറന്ന് അലക്ഷ്യമായി ഒഴുകുന്നു. ഇത് തടയാന്‍ വിശ്വാസ ദാര്‍ഢ്യതയുള്ളവര്‍ക്കേ കഴിയൂ. ഭ്രാന്തമായ ആസക്തികളില്‍ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാന്‍ ആത്മനിയന്ത്രണം അനിവാര്യമാണ്. മനസ്സ് ശുദ്ധീകരിക്കുന്നതിലൂടെ വ്യക്തിയും സമൂഹവും സംശുദ്ധമാകും. ഇതാണ് റമസാന്‍ വ്രതത്തിലൂടെ ലഭ്യമാകുന്നത്. 
 
വര്‍ത്തമാനസമൂഹം നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ഇസ്ലാമില്‍ പ്രതിവിധിയുണ്ടെന്ന് റമസാന്‍ പരിചയപ്പെടുത്തുന്നു. മാനവികതയുടെ മാര്‍ഗ്ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത് റമസാനിലാണ്. ദൈവമഹത്വവും മനുഷ്യത്വത്തിന്റെ മഹിമയുമാണ് ഖുര്‍ആന്റെ കാതല്‍. വര്‍ണ്ണ, വര്‍ഗ, ദേശ, ഭാഷ വിവേചനമില്ലാത്ത ഒരു സമൂഹസൃഷ്ടിയാണ് ഖുര്‍ആന്‍ മുന്നില്‍ വെക്കുന്നത്. 'ജനങ്ങളേ' എന്ന ഖുര്‍ആനിക സംബോധന ഇസ്ലാമിന്റെ സാര്‍വജനീനതയും സാര്‍വലൌകികതയും വ്യക്തമാക്കുന്നു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഖുര്‍ആന്‍. വര്‍ണവിവേചനത്തിന്റെ കുടിപ്പകയില്‍ മുങ്ങിയ ലോകരാഷ്ട്ര വേദികള്‍ക്കും ജാതിചിന്തയുടെ തീണ്ടപ്പാടും ദരിദ്ര--സമ്പന്ന വേര്‍തിരിവുള്ള നമ്മുടെ പരിസരങ്ങള്‍ക്കുമിടയില്‍ "മനുഷ്യനെ ഒരാണില്‍ നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്, വര്‍ഗവൈവിധ്യം പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടി മാത്രമാണ്'' എന്ന ഇസ്ലാമിക സന്ദേശത്തിന് മൂല്യമേറെയുണ്ട്. സാഹചര്യ കല്‍പിതമായ എല്ലാതരം അടിമത്തത്തില്‍നിന്നും മനുഷ്യന്‍ വിമോചിതനായി സ്രഷ്ടാവുമായി കൂടുതല്‍ അടുക്കണം. സത്യം, സമത്വം, നീതി, സ്വാതന്ത്യ്രം ജനാധിപത്യം, സാഹോദര്യം എന്നിവയെല്ലാം ലോകത്തിന് മുമ്പില്‍ ഉച്ചത്തില്‍ മുഴക്കിയ ഇസ്ലാമിന്റെ പ്രത്യശശാസ്ത്ര പരിശീലനഘട്ടമായി റമസാനിനെ കാണാനാകും. നോമ്പ് ആരംഭിക്കുന്നതിലും അവസാനിപ്പിക്കുന്നതിലും കൃത്യമായ ആരാധനയിലുമുള്ള സമയനിഷ്ഠ, പ്രവൃത്തിയും വാക്കും ചിന്തയും സംസ്കരിക്കുന്ന ജീവിത വിശുദ്ധി, വിശപ്പും ദാഹവും മോഹവും ജീവിത പ്രയാസങ്ങളും ആത്മബലത്തില്‍ നിയന്ത്രിക്കുന്ന ക്ഷമയും സഹനവും, അന്നപാനീയങ്ങളുപേക്ഷിച്ച് സ്വയം അനുഭവിക്കുന്ന പട്ടിണി, വര്‍ണ്ണവും വര്‍ഗ്ഗവും വേഷവും ഭാഷയും പ്രായവും സമ്പത്തും നോക്കാതെ ചുമലൊത്ത് നിന്നുള്ള നമസ്കാരവും ദാനധര്‍മ്മങ്ങളും ജീവിത സൂക്ഷ്മതയും ജീവകാരണ്യവും വിനയവും ആത്മബോധവുമെല്ലാം റമസാന്‍ വ്രതം മനുഷ്യനില്‍ ഉദ്ദീപിപ്പിക്കുന്നു. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാനും സ്നേഹിക്കാനും അതുവഴി മാനവിക ഏകതയെ ഉയര്‍ത്തിപ്പിടിക്കാനും വിശുദ്ധറമസാന്‍ പ്രേരിപ്പിക്കുന്നു. 
 
മാതൃഭൂമി റമസാന്‍ സപ്ളിമെന്റ് - 1999
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by