Guest Book Credits Panel Members
 
 
Articles
മതം ബലപ്രയോഗമല്ല
By Shihab Thangal
മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും മതം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്യ്രം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൌലികാവകാശമാണ്. നമ്മുടെ ഭരണഘടനയെ വിശ്വോത്തരമാക്കുന്നതും അതിന്റെ മതേതര ജനാധിപത്യ സ്വഭാവം തന്നെ. വൈവിധ്യതതില്‍ ഏകത്വമെന്ന സന്ദേശത്തിലൂടെ തലമുറകളിലേക്ക് പകരുന്നതും രാജ്യത്തിന്റെ ചിരപുരാതനമായ  സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സംസ്കാരമാണ്. ഈ അന്തരീക്ഷത്തെ തകര്‍ക്കാന്‍ മതപരിവര്‍ത്തനശ്രമങ്ങളും മത പരിവര്‍ത്തനവിവാദവും  കാരണമായികൂടാ. ഭൌതിക പ്രലോഭനങ്ങള്‍ കൊണ്ടും ബലംപ്രയോഗിച്ചും മതപരിവര്‍ത്തനം പാടില്ല. ഇത് പ്രസ്തുതമതത്തിന്റെ കാനേഷുമാരി വര്‍ധിപ്പിക്കുമെന്നല്ലാതെ യഥാര്‍ത്ഥ വിശ്വാസിയെ സൃഷ്ടിക്കാന്‍ ഉപകരിക്കില്ല. സമൂഹനന്മക്കാവശ്യം മതവിഭാഗത്തിന്റെ അംഗസംഖ്യയല്ല. ജീവിതവിശുദ്ധിയുടെ മാതൃകയായ മതവിശ്വാസികളെയാണ്. വിശുദ്ധ ഖുര്‍ആന്‍ ഇത് അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. മതത്തില്‍ നിര്‍ബന്ധം ചെലുത്തലിലില്ല (ബലപ്രയോഗം), നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം തുടങ്ങി മതവിശ്വാസം സ്വീകരിക്കുന്നതിലെ ഉദ്ദേശ്യശുദ്ധിയെ വിവിധഘട്ടങ്ങളില്‍ ഖുര്‍ആന്‍ പ്രതിപാദിക്കുന്നു.

മതം പ്രചരിപ്പിക്കുക എന്ന ദൈവികനിയോഗം നിറവേറ്റാന്‍ ഓരോ മുസ്ലിമിനും ബാധ്യതയുണ്ട്. നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുക എന്ന ആഹ്വാനവും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കുകയും പരസ്പരം സത്യംകൊണ്ടും ക്ഷമകൊണ്ടും ഉപദേശിക്കുകയും ചെയ്യുന്നവല്ലാതെ മറ്റെല്ലാ സമൂഹവും നഷ്ടത്തിലാണ് എന്ന കാലത്തെത്തന്നെ സാക്ഷിയാക്കിയുള്ള പ്രഖ്യാപനവും ഇതിന്റെ അടിസ്ഥാനമാണ്. 

ഈ നിലപാടിലൂന്നിയാണ് മതപ്രബോധനം ഒരു ബാധ്യതയായി മുസ്ലിം ഏറ്റെടുക്കുന്നത്. അതില്‍ ബലപ്രയോഗത്തിനും സമര്‍ദ്ദത്തിനും സ്ഥാനമില്ലെന്ന് ഇന്ത്യാചരിത്രവും സാക്ഷി പറയുന്നു. ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് സൈനികനീക്കങ്ങളിലൂടെയല്ല! വിശുദ്ധ ജീവിതമാര്‍ഗ്ഗങ്ങളിലൂടെയാണ്. എഴുന്നൂറ് വര്‍ഷത്തോളം മുസ്ലിം ചക്രവര്‍ത്തിമാര്‍ ഇന്ത്യ ഭരിച്ചിട്ടും മുസ്ലിം സമുദായം ഈ രാജ്യത്ത് ന്യൂനപക്ഷമായിത്തന്നെ നിലകൊളളുന്നുവെന്നത് മതത്തില്‍ ബലപ്രയോഗമില്ല എന്ന വിശുദ്ധ ഖുര്‍ആന്റെ പാഠമാണ്. കേരളം, തമിഴ്നാട്, ആന്ധ്ര, ഡല്‍ഹി, യു.പി. തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ ഇന്ത്യയില്‍ ഇസ്ലാമിക പ്രബോധനത്തിന് നേതൃത്വം നല്‍കിയ പുണ്യചരിതരായ മഹാപുരുഷന്മാരുടെ ഓര്‍മ്മകള്‍ മയങ്ങുന്നുണ്ട്. അവരുടെ ജീവിതചരിത്രമാണ് ഇന്ത്യയിലെ ഇസ്ലാമിന്റെ ചരിത്രം. 
 
1980ല്‍ മീനാക്ഷിപുരം എന്ന ഗ്രാമം റഹ്മത്ത്നഗറായി മാറിയതിനെക്കുറിച്ച് ഇസ്ലാമിക കാഴ്ചപ്പാടിന് വിരുദ്ധമായ പ്രചാരണങ്ങള്‍ ആദ്യഘട്ടത്തിലുയര്‍ന്നെങ്കിലും സ്വതന്ത്ര ഏജന്‍സികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അന്വേഷണങ്ങള്‍ വസ്തുത പുറത്തുകൊണ്ടുവന്നു. ജാതീയപ്രശ്നങ്ങളില്‍ നിരന്തരം അടിച്ചമര്‍ത്തപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തവരുടെ തുല്യതയ്ക്കുവേണ്ടിയുള്ള അഭിവാഞ്ഛയാണ് അവരെ ഇസ്ലാമിലെത്തിച്ചത് എന്ന് പിന്നീട് ചൂണ്ടിക്കാണിക്കപ്പെട്ടു. മനുഷ്യര്‍ എത്ര പുരോഗമിച്ചാലും ജീവിതത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ബന്ധിതരാണ്. അങ്ങനെ ആത്മീയാന്വേഷണത്തിലൂടെ സത്യം കണ്ടെത്തി ഏതെങ്കിലും വിശ്വാസധാരയെ സ്വീകരിക്കുന്നതിന് നിയമംകൊണ്ട് തടയാമെന്നത് മൌഢ്യമാണ്. അഞ്ചു നൂറ്റാണ്ടിനുശേഷം സമുദായങ്ങളുടെ ജനസംഖ്യാനിരക്ക് എങ്ങനെയാകും എന്ന് അതിശോക്തിപരമായ കണക്കുകള്‍ നിരത്തി എഴുതാപ്പുറം വായിക്കുന്ന രാഷ്ട്രീയം ഇന്ത്യയെ ശിഥിലമാക്കും. സ്വാതന്ത്യ്രം ലഭിച്ചു ബാലാരിഷ്ടതകള്‍ പിന്നിടുന്ന ഇന്ത്യ രാഷ്ട്രനിര്‍മ്മാണഘട്ടത്തിലാണ്. 
 
ഈ സമയം ദേശീയോദ്ഗ്രഥനത്തെ തകര്‍ക്കാന്‍ ഒരുങ്ങുന്നത് രാഷ്ട്രശില്‍പികളും കോടിക്കണക്കിന് പൌരന്മാരും സ്വപ്നം കാണുന്ന ഐശ്വര്യപൂര്‍ണമായ ഭാവി ഇന്ത്യയെ നശിപ്പിക്കാനാണ് വഴിയൊരുക്കുക. ഇന്ത എന്നും ഇങ്ങനെ പോയാല്‍ മതി എന്ന് കണക്കുകൂട്ടുന്ന ശക്തികളാണ് ഈ തരം പ്രതിലോമചിന്തകളുടെ പിന്നണിയാകുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലയായ മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുകയാണ് ഈ സന്ദര്‍ഭത്തിന്റെ ആവശ്യം. മതവിശ്വാസത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ നരഹത്യയ്ക്കിരയാകുന്നത് പരിഷ്കൃതസമൂഹത്തിന്റെ മുഖത്തേല്‍പിക്കുന്ന കറുത്തപാടുകളാണ്. ഒറീസയില്‍ ക്രിസ്ത്യന്‍ മിഷനറിയെയും മക്കളെയും ചൂട്ടുകൊന്ന കാടത്തം മതത്തിന്റെ പേരിലാണരങ്ങേറിയത് എന്നത് ലജ്ജാകരമാണ്. മനുഷനെ നന്നാക്കാനുള്ള മതത്തിന്റെ പേരില്‍ മനുഷ്യര്‍ നശിക്കുന്നത് വിരോധാഭാസമാണ്. മതസ്വാതന്ത്യ്രം പൌരാവകാശങ്ങളുടെ അവിഭാജ്യഘടകമാണെന്ന് ഭരണഘടനയുടെ 14, 15, 16 അനുച്േഛദങ്ങള്‍ വ്യക്തമാക്കുന്നു. ഈ ഭരണഘടനാതത്വത്തില്‍ മായം ചേര്‍ക്കാനുള്ള നീക്കം ഇന്ത്യക്കാരന്റെ ജന്മവകാശത്തിന് നേര്‍ക്കുള്ള വെല്ലുവിളിയാണ്. എല്ലാ മതങ്ങളും മനുഷ്യരും പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ശാന്തവും സമാധാനപരവുമായ രാഷ്ട്രാന്തരീക്ഷം സൃഷ്ടിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. 
 
മാതൃഭൂമി വാരന്ത്യപ്പതിപ്പ് 1999 മാര്‍ച്ച് 7ന്ന
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by