Guest Book Credits Panel Members
 
 
Interviews
ഏറെപ്പറയാതെ എല്ലാം പറഞ്ഞ്
By Interview by Johny Lukose (MM TV)
അവസാനതീയതികളില്ലാത്ത കലണ്ടറാണ് രഷ്ട്രീയമെന്ന് എഴുതിയത് വി.പി.സിംഗാണ്. എന്നാല്‍ ചില അവസാനതീയതികളും തീരുമാനങ്ങളും കലണ്ടര്‍ നോക്കാതെ കുറിക്കാന്‍ കഴിയുന്ന ചില ശക്തികേന്ദ്രങ്ങള്‍ രാഷ്ട്രീയത്തിലുമുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അക്കൂട്ടത്തില്‍പ്പെടുന്നു. 

കടലുണ്ടിപ്പുഴയുടെ തീരത്ത് പാണക്കാട് എന്ന കൊച്ചുഗ്രാമത്തിലെ കൊടപ്പനക്കല്‍ തറവട്ടില്‍ എത്തുന്നവര്‍ക്ക് ശിഹാബ് തങ്ങള്‍ പ്രവാചകന്റെ വംശാവലിയില്‍പ്പെട്ട നായകനും ന്യായാധിപനുമാണ്. മുഹമ്മദ് നബിയുടെ മുപ്പത്തൊമ്പതാം തലമുറയിലെ പേരക്കുട്ടി. വിശ്വാസികള്‍ക്ക് ആചാര്യനും നവാബും സുല്‍ത്താനും. 
 
വിവിധവും കുറച്ചൊക്കൊ വിചിത്രവുമാണ് സന്ദര്‍ശകര്‍ക്ക് തങ്ങളെക്കൊണ്ടുള്ള ആവശ്യങ്ങള്‍ - ആശ്വാസം, അനുഗ്രഹം, ഉപദേശം, നിര്‍ദ്ദേശം, മരുന്ന്, മന്ത്രം, പ്രാര്‍ത്ഥന, സാന്നിധ്യം - ഉദ്ഘാടനത്തിന് - തറക്കല്ലിടലിന് - പ്രസംഗത്തിന് ഒരു തിയ്യതി - തങ്ങള്‍ ആരെയും നിരാശപ്പെടുത്തുന്നില്ല. വൈക്കത്തുനിന്നു ബേപ്പൂരെത്തിയ എഴുത്തുകാരന്‍ സുല്‍ത്താന്‍ അല്ലാഹുവിന്റെ ഖജനാവിലുണ്ടെന്നു കണ്ടുപിടിച്ച അനന്തമായ സമയം നല്‍കി അദ്ദേഹം എല്ലാവരെയും തൃപ്തിപ്പെടുത്തുന്നു. 
 
എന്നാലും ഒരു ആള്‍ദൈവമാകാന്‍ നിന്നുകൊടുക്കുന്നില്ല തങ്ങള്‍. മിണ്ടാതിരുന്ന് ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊളളുവീന്‍ എന്ന സന്ദേശം നല്‍കുന്നില്ല. നിഗൂഢവശ്യതയുണ്ട്. അത് അദ്ദേഹം സൃഷ്ടിക്കുന്നതാണെന്ന് പറയാന്‍ കഴിയില്ല. 
 
ഏറെ മതിലുകള്‍ സൃഷ്ടിക്കുകയും ആവശ്യത്തിന് പാലങ്ങള്‍ നിര്‍മിക്കാതിരിക്കുകയും ചെയ്യുന്ന ആത്മീയാചാര്യന്മാരുടെയും  രാഷ്ട്രീയ നേതാക്കളുടെയും ഗണത്തില്‍ ശിഹാബ് തങ്ങള്‍ പെടുന്നില്ല. 
മതതീവ്രവാദത്തെ മുസ്ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയോ അതിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് മുപ്പതുവര്‍ഷമായുള്ള ശിഹാബ് തങ്ങളോ അനുകൂലിച്ചിട്ടില്ല. എന്നാല്‍, ചില പ്രശ്നങ്ങളിലുള്ള തീവ്ര നിലപാടുകളും പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയില്‍ വന്ന വ്യതിയാനങ്ങളും നിര്‍ത്തിയിട്ടുണ്ട്. അപ്പൊഴക്കെ പാര്‍ട്ടിയേക്കാള്‍ ഉയരത്തില്‍ നിലയുറപ്പിക്കാന്‍ ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞത് മുസ്ലിംലീഗിനും ഭാഗ്യമായി. സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം പക്ഷേ, ഈ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്നതാണ്. എന്നാല്‍ ശിഹാബ് തങ്ങള്‍ ഇതിലൊന്നും ആകുലനല്ല. 
 
കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ പദാവലിയിലുള്ള പാര്‍ലമെന്ററി വ്യാമോഹം പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ തങ്ങള്‍മാര്‍ക്ക് ഉണ്ടായിരിന്നെങ്കില്‍ ഗവര്‍ണര്‍, മന്ത്രി, എം.പി തുടങ്ങിയ പദവികള്‍ ആ തറവാട്ടിലേക്ക് സ്വമേധയാ വന്നണയുമായിരുന്നു. പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ ജീവിച്ചിരുന്നപ്പോള്‍ മൂത്തമകന്‍ ശിഹാബ് തങ്ങളെ ലോക്സഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന് ചെറിയ മമ്മൂക്കേയി സാഹിബ് നിര്‍ദ്ദേശം വച്ചതാണ്. എന്നാല്‍ പൂക്കോയ തങ്ങള്‍ സമ്മതിച്ചില്ല. ശിഹാബ് തങ്ങളും നാല് സഹോദരന്മാരും തങ്ങളുടെ രണ്ടു പുത്രന്മാരും ഇത്തരം പ്രലോഭനങ്ങളില്‍ നിന്ന് അകലം പാലിക്കുന്നു. എന്നാല്‍ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും തലപ്പത്ത് അവരുണ്ട്. അതും വേണ്ടെന്നു വയ്ക്കണം എന്നാണ് തന്റെ അഭിപ്രായം എന്ന് ശഹാബ് തങ്ങള്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. 
 
തങ്ങളെ കാണാന്‍ കാത്തിരുന്ന മുഷിയേണ്ടിവന്നാലും തങ്ങളെ കണ്ടാല്‍ ആരും മുഷിയില്ല. മിതവാദിയും മിതഭാഷിയും മാത്രമല്ല സ്മിതഭാഷിയുമാണ് തങ്ങള്‍. സംസാരിക്കുമ്പോള്‍ മന്ദഹസിക്കുന്നയാള്‍ എന്നതിലുപരി മന്ദഹസിക്കുമ്പോള്‍ മാത്രം സംസാരിക്കുന്നയാള്‍ എന്നുവേണമെങ്കില്‍ പറയാം. ഇടയ്ക്ക് നര്‍മ്മത്തിന്റെ ഊര്‍ജ്ജമുള്ള ചില നിസ്സംഗനിരീക്ഷണങ്ങളിലൂടെ അദ്ദേഹത്തിന്റെ രസികത്വം പുറത്തുവരും. തങ്ങളുമായി നേരമ്പോക്കുകള്‍ പങ്കുവെയ്ക്കാന്‍ സ്വാതന്ത്യ്രമുളളവര്‍ നേരം പോകുന്നത് അറിയില്ല. 
 
അത്തരമൊരു അനുഭവം കൊരമ്പയില്‍ അഹമ്മദ് ഹാജി എഴുതിയിട്ടുണ്ട്. സോണിയാഗാന്ധിയെ കാണാന്‍ തങ്ങളും കൊരമ്പയിലും കൂടി ഡല്‍ഹിയില്‍ പോയി മടങ്ങുമ്പോള്‍ രണ്ടുപേരും വിമാനത്തില്‍ അടുത്തടുത്ത സീറ്റില്‍ ഇരിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്തെത്തി താഴ്ന്നു പറക്കുമ്പോള്‍ വിമാനം കുലുങ്ങാന്‍ തുടങ്ങി. അപ്പോള്‍ തങ്ങള്‍ പറഞ്ഞു; അത് ആകാശത്തെ പഞ്ചായത്ത് റോഡ് ആയിരിക്കും. തങ്ങള്‍ ഇതുപറയുമ്പോഴൂം കേരളത്തില്‍ പഞ്ചായത്ത് വകുപ്പും പൊതുമരാമത്ത് വകുപ്പും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കൈയില്‍തന്നെ ആയിരുന്നിരിക്കണം. 
 
ഈജിപ്തിലെ പ്രശസ്തമായ അല്‍-അസ്ഹര്‍ സര്‍വകലാശാലിയിലും പിന്നീട് കെയ്റോ സര്‍വകലാശാലയിലും പഠിച്ച് അറബി സാഹിത്യത്തില്‍ ബിരുദം നേടി ശിഹാബ് തങ്ങള്‍ കെയ്റോ സര്‍വകലാശാലയിലെ ശൈഖ് അബ്ദുല്‍ ഹലീം മഹ്മൂദ് എന്ന സൂഫിവര്യന്റെ ശിഷ്യനായിരുന്നു. ഒരു പണ്ഡിതന്റെ കൂടെ സമയം ചെലവഴിച്ച് സൂഫിസം കോഴ്സും പൂര്‍ത്തിയാക്കിയിരിക്കുന്നു. അറബിസാഹിത്യത്തിലുള്ള താല്‍പര്യം ഇപ്പോഴും കൂടെയുണ്ട്. എന്നാല്‍ വികാരങ്ങളെ എന്ന പോലെ പാണ്ഡിത്യത്തെയും അദ്ദേഹം വാക്കുകളില്‍ പാഴാക്കുന്നില്ല. 
 
പാണക്കാട്ട് എത്തുന്ന ആകും ചായ ഉറപ്പ്. ചിലപ്പോഴൊക്കെ പലഹാരങ്ങളും. എന്നാല്‍ വാക്കുകളുടെ ധാരാളിത്തം കൊണ്ട് ശിഹാബ് തങ്ങള്‍ ആരെയും അങ്ങനെ സല്‍ക്കരിക്കാറില്ല.  ഏതു ചോദ്യത്തെയും അദ്ദേഹം ഒരു  ചിരിയോടെ നേരിടും. ചിരിയൊരുത്തരമാകുമ്പോള്‍ ചില ചോദ്യങ്ങള്‍ അനാഥമാകും. ദീര്‍ഘമായ ഉത്തരങ്ങളും വിശദീകരണങ്ങളും അദ്ദേഹത്തിന് പഥ്യമല്ല. പണ്ടേയുള്ള ഈ ലുബ്ധില്‍ തെല്ല് അയവുവരുത്തിയാണ് അദ്ദേഹം സംസാരിച്ചത്. 
 
താങ്കള്‍ കുറച്ചേ സംസാരിക്കൂ എന്നറിയാം. അതു ശീലം കൊണ്ടാണോ, അതോ മനഃപൂര്‍വ്വമായ ഒരു കരുതലോ?
ആലോചിച്ചു സ്വീകരിച്ച ഒരു മാര്‍ഗമൊന്നുമല്ല അത്. കുറച്ചു സംസാരിക്കുക എന്നത് എന്റെ പ്രകൃതമാണ്. ഞാന്‍ അങ്ങനെയാണ്. വികാരഭരിതനാവാറില്ല. അതു സ്വാഭാവികമാണ്. 
 
പൂക്കോയ തങ്ങളും ഈ പ്രകൃതക്കാരനായിരുന്നോ? 
ബാപ്പയും അത്യാവശ്യത്തിനു മാത്രമേ സംസാരിക്കുമായിരുന്നുള്ളു. 
 
നാട്ടുരാജ്യങ്ങളെ ഇന്ത്യന യൂണിയനില്‍ ലയിപ്പിച്ചിരുന്ന കാലത്ത് ഹൈദരാബാദിലുണ്ടായ പ്രശ്നങ്ങളോട് അനുബന്ധിച്ച് പൂക്കോയ തങ്ങളെയും അറസ്റ്റ്  ചെയ്തിരുന്നുവല്ലോ. ബാപ്പയെ അറസ്റ്റ് ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരം എന്തായിരുന്നു? 
ഞാനന്ന് സ്കൂളില്‍ പഠിക്കുകയാണ്. വാസ്തവത്തില്‍ അന്ന് എനിക്കുണ്ടായ വികാരത്തെപ്പറ്റി ഇപ്പോള്‍ പറയാന്‍ കഴിയുന്നില്ല. അങ്ങനെ ഉത്ക്കടമായ ഒരു ഓര്‍മ്മ അതേക്കുറിച്ച് ഇല്ലാത്തതുപോലെ. ഒരുപക്ഷേ, ആ അറസ്റ്റിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാനുള്ള പ്രായവും അറിവും അന്നെനിക്ക് ഇല്ലാതിരുന്നതുകൊണ്ടാവാം. 
 
എന്തൊക്കെയാണ് വ്യക്തിപരമായ താല്‍പര്യങ്ങള്‍? ബാഡ്മിന്റണ്‍ കളിയിലും മലകയറ്റത്തിലും മറ്റു താല്‍പര്യമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്? 
കോഴിക്കോട് എം.എം. സ്കൂളില്‍ പഠിക്കുമ്പോള്‍ ബാഡ്മിന്റണ്‍ കളിക്കാറുണ്ടായിരുന്നു. അന്നു സ്കൂളില്‍ ഞങ്ങളുടെ ചാമ്പ്യനായിരുന്നു ഷിയാലിക്കോയ. അദ്ദേഹം പിന്നീട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി. അദ്ദേഹത്തെ അടുത്തിടെ വീണ്ടും കണ്ടു. ഇവിടെ വന്നിട്ടുണ്ടായിരുന്നു. നടപ്പ് മുമ്പ് ഇഷ്ടമായിരുന്നു. ഊരകം മലയുടെ മുകളില്‍ നടന്നുകയറും. മലപ്പുറത്തെ കുന്നിനു മുകളിലും കയറും. എന്തിനാണന്ന് മലകയറി നടന്നതൊക്കെയെന്ന് ഇന്ന് ആലോചിച്ചാല്‍ അന്ന് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാഞ്ഞിട്ടാണെന്ന് മനസ്സിലാവും. ഇപ്പോള്‍ സമയമില്ലാത്തതുകൊണ്ട് നടപ്പുമില്ല. വീടിന്റെ പിന്നിലുളള പൂന്തോട്ടത്തില്‍ കുറച്ചു ബോണ്‍സായിയൊക്കെ ഉണ്ട്. അതൊക്കെ കണ്ട് അവിടെ കുറച്ചു നടന്നെങ്കിലായി. 
 
തിരക്കിനെ എങ്ങനെയാണു സമീപിക്കുന്നത്? തിരക്കുള്ളത് വിഷമമാണോ? കരുണാകരനെപ്പോലെ, ഉമ്മന്‍ചാണ്ടിയെപ്പോലെ? 
കരുണാകരനും ഉമ്മന്‍ചാണ്ടിക്കും തിരക്കില്ലെങ്കില്‍ അവരുടെ ആരോഗ്യം തന്നെ ശരിയാവില്ല. കരുണാകരന് കുറച്ച് ടെന്‍ഷന്‍ കൂടിയുണ്ടെങ്കിലേ ഉഷാറാവൂ. എന്നാല്‍ എനിക്ക് അങ്ങനെയല്ല. തിരക്ക് കൂടിയേ തീരുവെന്നില്ല. ഒറ്റക്കിരുന്ന് വായിക്കാനും ഇഷ്ടമാണ്. പക്ഷേ, തിരക്ക് എത്ര അലോസരമായാലും അതിനോട് പൊരുത്തപ്പെടാന്‍ വിഷമം തോന്നാറില്ല. 
 
തിരക്കുമൂലമുണ്ടായ നഷ്ടങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇഷ്ടമുണ്ടായിട്ടും  ഉപേക്ഷിക്കേണ്ടി വന്ന ശീലങ്ങള്‍...
പ്രകൃതിഭംഗി കാണാന്‍ എനിക്കു പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. പ്രകൃതിയുടെ ചില പ്രത്യേകതകള്‍ എന്നെ എന്നുെം ആകര്‍ഷിച്ചിരുന്നു. മുമ്പൊരിക്കല്‍ നീലക്കുറിഞ്ഞിപൂത്തു എന്നുകേട്ടപ്പോള്‍ ഞാന്‍ അതു കാണാന്‍ ഇടുക്കി ഭാഗത്തുപോയി. കൂടെ ചില സുഹൃത്തുക്കളും ഉണ്ടായിരുനനു. യാത്രയാണ് മറ്റൊരിഷ്ടം. 
 
യാത്രാവേളകള്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്തുക? പ്രകൃതിഭംഗി കണ്ടാണോ? 
യാത്ര എനിക്ക് പഠനവേളയാണ്. ഈജിപ്തില്‍ പഠിക്കുമ്പോള്‍ പിരമിഡുകള്‍ സന്ദര്‍ശിച്ച് കുറിപ്പെടുത് ഞാന്‍ ലേഖനം എഴുതിയിട്ടുണ്ട്. ചരിത്രസ്മാരകങ്ങള്‍ കാണാനാണ് എനിക്ക് ഏറ്റവും താല്‍പര്യം. ഈയിടെ ഹൈദരാബാദില്‍ പോയിരുന്നു. നാനൂറ് കൊല്ലത്തിനപ്പുറമുള്ള നൈസാമിന്റെ ഭരണകാലത്തെപ്പറ്റി പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഹൈദരാബാദില്‍ നൈസാമിന്റേത് അല്ലാത്ത പല കോട്ടകളും മറ്റുമുണ്ട്. എന്നാല്‍ തിരക്കിട്ട യാത്രയായതിനാല്‍ അതൊന്നും കാണാന്‍ പറ്റിയില്ല. അതില്‍ സങ്കടമുണ്ട്. 
 
കാര്‍ യാത്ര ഇഷ്ടമാണോ? 
കുറച്ച് ഇഷ്ടമാണ്. എന്നു പറയണം. കാറിലാവുമ്പോള്‍ മറ്റ് അസ്വസ്ഥതകളൊന്നുമില്ല. അതുകൊണ്ട് വായിക്കാം എന്നൊരു പ്രയോജനമുണ്ട്. 
 
യാത്രക്കിടെ പാട്ടുകേള്‍ക്കലൊന്നുമില്ലേ? 
പാട്ടുകേള്‍ക്കും. അറബിഗാനങ്ങളും ഹിന്ദിഗാനങ്ങളുമാണ് ഇഷ്ടം. 
 
ഏതുസ്ഥലമാണ് ഇനി കാണാന്‍ ആഗ്രഹമുള്ളത്? 
ഉസ്ബക്കിസ്ഥാനില്‍ പോകണമെന്നു കുറേക്കാലമായി ആഗ്രഹിക്കുന്നു. പ്രവാചകവചനങ്ങള്‍ സംബന്ധിച്ച് ആധികാരികമായി എഴുതിയിട്ടുള്ള ഹദീസ്പണ്ഡിതന്‍ ഇമാം ബുഖാരിയുടെ ജന്മനാടായ ബുഖാറ, ഉസ്ബക്കിസ്ഥാനിലാണ്. അവിടെപ്പോയി എല്ലാം കാണണമെന്ന് ആഗ്രഹമുണ്ട്. 
 
എഴുപതാം വയസ്സിലും സുന്ദരനായതുകൊണ്ടു ചോദിക്കുകയാണ്. ഈജിപ്തില്‍ പഠിക്കുന്ന കാലത്ത് വല്ല ബന്ധവും...? 
ലവ് അഫെയര്‍ ആണോ ഉദ്ദേശിക്കുന്നത്. അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. പിന്നെ സുന്ദരന്‍ ആണെന്നൊക്കെ വല്ലവരും പറയുന്നതല്ലേ. ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? (മുഖത്ത് സുന്ദരമായൊരു ചിരി)
 
തങ്ങള്‍ക്കു ദേഷ്യം വരില്ല എന്നു പറയുന്നതു ശരിയാണോ? 
ദേഷ്യത്തിന്റെ കാര്യമല്ലേ, ചിലപ്പോള്‍ വന്നിട്ടുണ്ടാവും. 
 
ഈജിപ്തിലെ അല്‍-അസ്ഹര്‍ യൂണിവേഴ്സിറ്റിയിലും പിന്നീട് കെയ്റോ യൂണിവേഴ്സിറ്റിയിലും പഠിക്കുന്ന കാലത്തെപ്പറ്റിയുള്ള സ്മരണകള്‍?  സഹപാഠികളില്‍ ആരുമായെങ്കിലും ഇപ്പോഴും ബന്ധപ്പെടാറുണ്ടോ? 
ഞാന്‍ ഈജിപ്തില്‍ പഠിക്കുമ്പോള്‍ പ്രധാനമന്ത്രി നെഹ്റു ഈജിപ്ത് സന്ദര്‍ശിക്കാനെത്തി. പണ്ഡിറ്റ്ജിയെ കാണാന്‍ ഞങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍പോയി. അവിടെ മറ്റൊരു നെഹ്റുവും ഉണ്ടായിരുന്നു. അന്നതെ അംബാസര്‍ ബി.കെ. നെഹ്റു. ഈജിപ്ത് പ്രസിഡന്റ് നാസറും നെഹ്റുവിന്റെ ഒപ്പമുണ്ടായിരുന്നു. ഞങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സന്തോഷമായി. ഞങ്ങള്‍ നെഹ്റുവിനും നാസറിനുമൊപ്പം നിന്ന് ഫോട്ടോ എടുത്തു. നെഹ്റുവിന്റെ ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. അതിപ്പോഴും ഇവിടെ എവിടെയോ ഉണ്ടെന്നു തോന്നുന്നു.
 
മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്‍ഖയ്യും സഹപാഠിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
അബ്ദുല്‍ ഖയ്യൂമും മാലിദ്വീപിലെ വിദേശകാര്യമന്ത്രി ഫതഫുല്ല ജലീലും എന്റെ സഹപാഠികളായിരുന്നു. 
 
പഠനകാലത്ത് എഴുത്തില്‍ താല്‍പര്യമുണ്ടായിരുന്നല്ലോ. കവിത എഴുതിയിരുന്നോ? 
അറബിയില്‍ കവിതയെഴുതി എവിടെയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖലീല്‍ ജിബ്രാന്റെ ഒരു ചെറുകഥ പരിഭാഷപ്പെടുത്തി ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചു. കൂടുതലും ലേഖനങ്ങളാണ് എഴുതിയത്. പിരമിഡുകളുടെ ചരിത്രം, സൂയസ് കനാലും നാസര്‍ പദ്ധതിയും, ഈജിപ്തിലെ പത്രപ്രവര്‍ത്തനം, ഇബ്നുസീനയുടെയും അല്‍ബെറുനിയുടെയും ജീവിതം തുടങ്ങിയവയായിരുന്നു വിഷയങ്ങള്‍. 
 
അധ്യാപകന്‍ ആകാനായിരുന്നിലേ ആഗ്രഹം? 
ഈജിപ്തില്‍ തന്നെ നല്ല ശമ്പളത്തില്‍ അധ്യാപകനായി കഴിയാമെന്നിരിക്കെ തിരികെപോരാന്‍ എന്തായിരുന്നു പ്രേരണ? 
ഈജിപ്തില്‍ തന്നെ ജോലി കിട്ടുമായിരുന്നു. ജിദ്ദയിലും നല്ലൊരു ജോലി തരപ്പെടുമായിരുന്നു. പക്ഷേ, ഉപ്പാക്ക് സമ്മതമില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ 1966ല്‍ തിരിച്ചുവന്നത്. വീട്ടില്‍ വന്നതിനുശേഷവും അറബി പ്രസിദ്ധീകരണങ്ങള്‍ വരുത്തി വായിക്കാറുണ്ടായിരുന്നു. വീട്ടില്‍ ഉപ്പയെ കാണാനെത്തുന്നവര്‍ക്ക് ചായ കൊടുത്തിരുന്നത് ഞാനാണ്. രാഷ്ട്രീയത്തില്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. 
 
ഹജ്ജ് വോളണ്ടിയര്‍ ആയിരുന്ന കാലത്തെ ഓര്‍മ്മകള്‍? 
ഞാനും പരേതനായ പി.കെ. ഉമ്മര്‍ഖാനുമാണ് കപ്പലില്‍ വോളണ്ടിയര്‍മാരായി ഉണ്ടായിരുന്നത്. പിന്നെ രണ്ടു വെല്‍ഫെയര്‍ ഓഫീസര്‍മാര്‍. അതിലൊന്നു ഡോ. കരീം. മറ്റേയാള്‍ ഹൈദരാബാദുകാരന്‍. എഴുന്നുറില്‍പരം ഹാജിമാര്‍ കപ്പലില്‍ ഉണ്ടായിരുന്നു. കടലിളക്കം കൊണ്ട് ചിലര്‍ക്ക് ഛര്‍ദ്ദി, ചിലര്‍ക്ക് പനി. ഇവരെയൊക്കെ ഡോക്ടറുടെ അടുത്തുകൊണ്ടു പോകലൊക്കെ വോളണ്ടിയര്‍മാരുടെ ചുമതലയാണ്. ഓര്‍ക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യം തോന്നന്നതും അതിലാണ്. പത്തു മുപ്പത്തഞ്ചു കൊല്ലം മുമ്പത്തെ കാര്യമാണ്. അന്ന് എട്ടുദിവസമെടുത്തു കപ്പല്‍ ബോംബെയില്‍ നിന്ന ജിദ്ദയിലെത്താന്‍. 
 
കുടുംബയോഗങ്ങളും വംശാവലി രേഖപ്പെടുത്തലും മുസ്ലിം സമുദായത്തില്‍ സാധാരണയല്ലല്ലോ. തങ്ങള്‍ കുടുംബത്തിന്റെ വംശാവലി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ? 
കുടുംബചരിത്രം എഴുതുന്ന രീതി പൊതുവേയില്ല എന്നതു ശരിയാണ്. തങ്ങള്‍ കുടുംബത്തിന്റെ വംശാവലി പക്ഷേ, പരമ്പരാഗതമായി രേഖപ്പെടുത്തിപ്പോന്നു.
 
തങ്ങള്‍ കുടുംബം ദക്ഷിണയമനില്‍നിന്ന് വളപട്ടണത്ത് എത്തി എന്നാണല്ലോ കരുതപ്പെടുന്നത്. കുടുംബത്തിന്റെ വേരുകള്‍തേടി യമനില്‍ പോയിട്ടുണ്ടോ? 
1999ല്‍ സൌത്ത് യമനില്‍ പോയി. കേരളവുമായി പല കാര്യങ്ങളിലും സാമ്യം കണ്ടു. ഹളര്‍മൌതിലെ തരീമില്‍ ജുമാമസ്ജിദില്‍പോയപ്പോള്‍ നമ്മുടെ രീതി തന്നെയാണ് അവിടെയെന്നു കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടു. ജുമുഅക്കുള്ള ഖുത്തുബ കിതാബ് ഇവിടെ ഉപയോഗിക്കുന്നതു തന്നെ. നമ്മുടേതുപോലെ വെളളവസ്ത്രവും വെള്ളത്തൊപ്പിയും. അതിഥ്യമര്യാദയിലും മലയാളക്കാരെപ്പോലെ തോന്നി. നല്ല സ്നേഹമുള്ളവര്‍. സയ്യിദ് പരമ്പരയെക്കുറിച്ച് അവിടത്തെ പണ്ഡിതര്‍ എനിക്കു വിശദീകരിച്ചുതന്നു. ഒരു അറബിയെ പരിചയപ്പെട്ടു. അദ്ദേഹം വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം ഭക്ഷണത്തിനു വിളിച്ചു. എന്റെ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു, പോയാല്‍ അവര്‍ ആടിനെ അറക്കും, സദ്യയുണ്ടാക്കും. അതൊക്കെ കഴിഞ്ഞേ പോരാനൊക്കൂ എന്നതു കൊണ്ട് ആ ക്ഷണം സ്നേഹപൂര്‍വ്വം നിരസിക്കേണ്ടിവന്നു. സമയക്കുറവുണ്ടായിരുന്നു.
 
പ്രമേഹംകൂടി അടുത്തിടെ ഡല്‍ഹിയില്‍ ചികില്‍സയില്‍ കഴിഞ്ഞപ്പോള്‍ മരണഭയം ഉണ്ടായോ? 
മരണഭയമൊന്നും ഉണ്ടായിട്ടില്ല. മരണത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ എന്നാണെങ്കില്‍ മരണത്തെപ്പറ്റി മനുഷ്യര്‍ ചിന്തിക്കേണ്ടതു തന്നെയല്ലേ? 
 
രാഷ്ട്രീയത്തില്‍ താല്‍പ്യമില്ലായിരുന്നു എന്നു സൂചിപ്പിച്ചല്ലോ. പൂക്കോയതങ്ങളുടെ മരണശേഷം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് മനസ്സോടെയാണോ? 
അന്നെനിക്ക് മുപ്പത്തൊമ്പത് വയസ്സേയുള്ളു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ഏറ്റെടുപ്പിച്ചതാണ്. ബി.വി. അബ്ദുല്ലക്കോയയും സി.എച്ചും നിര്‍ബന്ധിച്ചു. ഇതിന്റെ ഭാരം ആലോചിച്ചു കുറച്ചുനേരം മുറിക്കുള്ളില്‍കയറി കതകടച്ച് ഇരുന്നു. ഞാന്‍ കരഞ്ഞുപോയി. 
 
ലീഗിന്റെ നേതൃത്വം വഹിക്കുന്നത് പിന്നീട് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ? 
ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. 
 
മുസ്ലിംലീഗ് പല നിര്‍ണായക തീരുമാനങ്ങളും തങ്ങള്‍ക്കുവിടുകയാണ് പതിവ്. കുഴപ്പം പിടിച്ച ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ തന്നെയാണോ തീരുമാനമെടുക്കുന്നത്? എങ്ങനെയാണ് തിരുമാനമെടുക്കുന്നത്? 
ബന്ധപ്പെട്ടവരുമായി ഞാന്‍ ആലോചിക്കാറുണ്ട്. പക്ഷേ, അവസാനതീരുമാനം എന്റേതു തന്നെയായിരിക്കും. എന്റെ തീരുമാനങ്ങള്‍ പൊതുവേ തെറ്റാറില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ എല്ലാം ശരിയായിക്കൊള്ളണം എന്നില്ല. എന്തായാലും മുസ്ലിംലീഗില്‍ ഒരു തീരുമാനം എടുത്താല്‍ അതു നടപ്പായിരിക്കും. അതിലെനിക്കു നിര്‍ബന്ധമുണ്ട്. മറ്റുള്ളവര്‍ അക്കാര്യത്തില്‍ സഹകരിക്കാറുമുണ്ട്. 
 
താങ്കളെ ആര്‍ക്കെങ്കിലും സ്വാധീനിക്കാന്‍ കഴിയുമോ? 
അതത്ര എളുപ്പമല്ല. അങ്ങനെയൊരു സ്വാധീനം ഒരാള്‍ക്കുമില്ല. 
 
സമുദായത്തിന്റെ ആത്മീയനേതൃത്വവും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതൃത്വവും ഒന്നിച്ചുവഹിക്കുന്നതു രാഷ്ട്രീയവും മതവും തമ്മിലുള്ള കൂട്ടിക്കുഴക്കല്‍ ആവില്ലേ? 
രാഷ്ട്രീയത്തില്‍ ആത്മീയത പാടില്ല എന്ന വാദമാണ് ഈ ചോദ്യത്തിന് അടിസ്ഥാനം. എന്റെ അഭിപ്രായത്തില്‍ രാഷ്ട്രീയം ആത്മീയം കൂടിയാവണം. ആത്മീയതയുടെ അംശമില്ലാത്ത രാഷ്ട്രീയം മോശമായിപ്പോകും. പൂര്‍ണമായും അധാര്‍മികമായിപ്പോകും. ഉത്തരവാദിത്തമിലലാത്തതായിപ്പോകും. ഉത്തരവാദിത്തമില്ലാത്തതായിപ്പോകും. ഭൌതികം മാത്രം മതിയെന്ന ചിന്തയാണിപ്പോള്‍ രാഷ്ട്രീയത്തെ മോശമാക്കിയത്. 
 
മുസ്ലിംലീഗിന്റെ രാഷ്ട്രീയത്തില്‍ ആത്മീയതക്ക് സ്ഥാനമുണ്ടോ?  അഴിമതിയും അധാര്‍മികതയും ലീഗില്‍ ഇല്ലെന്ന് പറയാന്‍ കഴിയുമോ? 
മുസ്ലിംലീഗിലും അനാരോഗ്യ പ്രവണതകള്‍ ഉണ്ടായിട്ടുണ്ട്. മറ്റേതു പാര്‍ട്ടിയിലും പോലെ. ഇക്കാര്യത്തില്‍ ലീഗിനെമാത്രം കുറ്റപ്പെടുത്തുന്നത് മറ്റു ചില ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ്. 
 
മന്ത്രി, എം.പി. എന്നു തുടങ്ങി ഏതുസ്ഥാനവും വിളിപ്പുറത്തായിട്ടും തങ്ങള്‍ കുടുംബത്തില്‍നിന്ന് ആരും അധികാരസ്ഥാനങ്ങളിലേക്ക് വരാത്തത് എന്തുകൊണ്ട്?
എല്ലാ സ്ഥാനങ്ങളും ഞങ്ങള്‍ തന്നെ എടുക്കേണ്ട ആവശ്യമില്ല. പാര്‍ട്ടിയില്‍ കഴിവുള്ളവര്‍ വേറെയുണ്ടല്ലോ. മന്ത്രി സ്ഥാനമൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല. 
ഇതിന് മറ്റൊരുവശമുണ്ട്. പാര്‍ട്ടിയിലെ താക്കോല്‍സ്ഥാനങ്ങളിലെല്ലാം തങ്ങള്‍ കുടുംബാംഗങ്ങളാണ്. 
 
യൂത്ത്ലീഗ് പ്രസിഡന്റ് സ്ഥാനത്തുപോലും. പാര്‍ട്ടിയില്‍ മറ്റു നേതാക്കള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാത്തതെന്ത്? 
പാര്‍ട്ടിയിലെ സ്ഥാനങ്ങളൊന്നും ഞങ്ങള്‍ സ്വമേധയാ ഏറ്റെടുക്കുന്നതല്ല. മറ്റുള്ളവര്‍ നിര്‍ബന്ധിച്ച് ഏല്‍പ്പിക്കുന്നതാണ്. സ്ഥാനത്തിരിക്കാനുള്ള ഇഷ്ടം കൊണ്ടല്ല കുടുംബാംഗങ്ങള്‍ ഓരോരോ സ്ഥാനത്തുള്ളത്. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ്. 
 
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ലീഗും തമ്മിലുള്ള ബന്ധം ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കു തന്നെ അസൂയ ഉണ്ടാക്കുന്നതാണ്. എന്താണ് ഈ ബന്ധത്തിന്റെ രഹസ്യം? 
ലീഗും കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വവും തമ്മിലുള്ള ബന്ധത്തില്‍ രഹസ്യമൊന്നുമില്ല. നെഹ്റുവിന്റെ കാലത്തു തുടങ്ങിയ പരസ്യബന്ധമാണത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് അത് ശക്തമായി. സോണിയാഗാന്ധിയുടെ കാലത്ത് അങ്ങനെതന്നെ തുടരുന്നു. 
 
കേന്ദ്രഭരണത്തില്‍ മുസ്ലിംലീഗ് പങ്കാളിയായ് കേരളത്തില്‍ ഒരു ബാധ്യതയായോ? കോണ്‍ഗ്രസിനെ എല്ലാ കാര്യത്തിലും ന്യായീകരിക്കേണ്ടവസ്ഥ? 
അങ്ങനെ നായീകരിക്കേണ്ട അവസ്ഥയൊന്നുമില്ല. ലീഗ് അത്യാവശ്യകാര്യങ്ങളില്‍ അതിന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ചും അത് പറഞ്ഞിട്ടുണ്ട്. ചില വിഭാഗങ്ങള്‍ തെറ്റി മാറിപ്പോവുന്നതു ശരിയല്ലെന്നും എല്ലാവരും യോജിച്ചുനില്‍ക്കണമെന്നുമായിരുന്നു ലീഗിന്റെ അഭിപ്രായം. ഇപ്പോഴും അതാണ് അഭിപ്രായം. ബാഫഖി തങ്ങള്‍ ഉണ്ടാക്കിയ മുന്നണിയെ പൊളിക്കരുത് എന്നേ ഞാന്‍ പറയൂ. കോണ്‍ഗ്രസിലും ഓരോരുത്തര്‍ക്കും ഓരോ അജണ്ട പാടില്ല. മൊത്തം നാടിന്റെയും പാര്‍ട്ടിയുടെയും ഗുണംകൂടി നോക്കണം.
 
കോണ്‍ഗ്രസിന്റെ അച്ചടക്കത്തിന്റെ കാര്യത്തില്‍ ലീഗിന്റെ നിലപാട് എന്താണ്? 
അതൊക്കെ കോണ്‍ഗ്രസ് തന്നെ തീരുമാനിക്കട്ടെ. എല്ലാവരും ഉണ്ടാവണം എന്നേ ഞങ്ങള്‍ക്കുള്ളൂ. ആരെയും പുറത്താക്കരുത്. അച്ചടക്കം കര്‍ശനമാക്കണം എന്ന നിലപാട് ഉണ്ടായിരുന്നെങ്കിലും ഹൈക്കമാന്‍ഡിനെക്കൊണ്ട് അത് അംഗീകാരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. കടുത്ത നടപടികള്‍ ഒഴിവാക്കണം എന്ന് ഹൈക്കമാന്‍ഡും ആഗ്രഹിച്ചുവെന്നാണ് അതിനര്‍ത്ഥം. എന്തായാലും ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ ലീഗ് അതംഗീകരിക്കും.
ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പു കൂടി വരികയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗും സി.പി.എമ്മും വിരുദധ മുന്നണികളില്‍ ആയിരുന്നെങ്കിലും അടവുനയമനുസരിച്ച് പരസ്പരം സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലീഗും സി.പി.എമ്മും വളരെ അകല്‍ച്ചയിലാണ്. 
 
വി.എസ്. അച്യുതാനന്ദന്റെ നിലപാടാണോ ഇതിനൊക്കെ കാരണം? 
ഒരാളുടെ നിലപാടിനെ മാത്രമായി ഞാന്‍ പരാമര്‍ശിക്കുന്നില്ല. സി.പി.എമ്മിനെ വിശ്വസിക്കാന്‍ കൊളളില്ല എന്ന് ലീഗിന് ബോധ്യമുണ്ടായിട്ടുണ്ട്. അത് അനുഭവംകൊണ്ടു പറയുന്നതാണ്. സി.പി.എം. ന്യൂനപക്ഷ സംരക്ഷകരായി എപ്പോഴും രംഗത്തുവരും. പക്ഷേ, അതില്‍ ആത്മാര്‍ത്ഥതയില്ല. അവര്‍ക്ക് ഒരു അജണ്ടയുണ്ട്. അതവര്‍ നടപ്പാക്കും. ആരു കൂടെനിന്നാലും നടപ്പാക്കും; നിന്നില്ലെങ്കിലും നടപ്പാക്കും. 
 
എ.കെ. ആന്റണിയുടെ വിവാദപ്രസ്താവനയെത്തുടര്‍ന്നുള്ള ലീഗിന്റെ പ്രതികരണം അതിരുകടന്നതായി എന്ന് പിനനീട് തോന്നിയോ? അത് കേരളത്തില്‍ സാമുദായിക വിഭജനത്തിന് വഴിവെച്ചില്ലേ?
ആന്റണി അങ്ങനെ പറഞ്ഞതില്‍ വിഷമം തോന്നി. ലീഗിന്റെ പ്രതികരണം ഏറെക്കുറെ ശരിയായിരുന്നു. ചില കാര്യങ്ങളില്‍ ശക്തമായി പ്രതികരിക്കണം. ആന്റണിയുമായുള്ള വ്യക്തിബന്ധത്തിന് ഇപ്പോഴും കുറവൊന്നുമില്ല. 
 
എന്‍.എസ്്.എസും എസ്.എന്‍.ഡി.പിയും യോജിച്ചുള്ള നീക്കങ്ങളില്‍ ലീഗിന് ഒരു സന്ദേശമുള്ളതായി തോന്നുണ്ടോ? ഇത്തരം കൂട്ടായ്മകള്‍ വര്‍ഗ്ഗീയമാണെന്ന് പറയാമോ? 
ഒരു സമുദായം അന്യസമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്നിടത്താണ് വര്‍ഗ്ഗീയത കാണേണ്ടത്. സ്വന്തം കാര്യം പറയുന്നത് വര്‍ഗ്ഗീയതല്ല. ജനാധിപത്യവ്യവസ്ഥയില്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ എല്ലാം സംഘടനകള്‍ക്കും ഹിന്ദുക്കള്‍ മുസ്ലിം സംഘടനകളെയും ആദരിക്കണം. മറിച്ചുള്ള നിലപാട് ശരിയല്ല.
 
നായര്‍-ഈഴവ ഐക്യത്തിന്റെയും ക്രൈസ്തവസഭകളുടെ യോജിച്ചുള്ള നിലപാടിന്റെയും പശ്ചാത്തലത്തില്‍ മുസ്ലിം സംഘടനകള്‍കകിടയില്‍ കൂടുതല്‍ ഐക്യദാര്‍ഢ്യം പ്രതീക്ഷിക്കുന്നുണ്ടോ? സുന്നി, മുജാഹിദ് ഭിന്നതകള്‍ മറികടക്കാന്‍ കഴിയുമോ? 
രാഷ്ട്രീയമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതില്‍ സുന്നി, മുജാഹിദ് വ്യത്യാസമൊന്നും പ്രശ്നമാകില്ല. മതവിഭാഗം എന്ന നിലയില്‍ പ്രത്യേക വിശ്വാസങ്ങള്‍ ഉണ്ടാവാം. പക്ഷേ, രാഷ്ട്രീയത്തില്‍ അതൊന്നും തടസ്സമല്ല. മുസ്ലിംലീഗില്‍ സുന്നികളും മുജാഹിദുകളുമുണ്ടല്ലോ. എം.കെ. ഹാജിയും ബാഫഖിതങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചു. എം.സി.സി. അബ്ദുറഹിമാന്‍ മൌലവിയും സഹോദന്മാരും മുജാഹിദ് നേതാക്കളായിരുന്നല്ലോ. അതുപോലെ സീതിഹാജി. 
 
കാന്തപുരം വിഭാഗത്തിന് ഇപ്പോള്‍ സി.പി.എമ്മിനോട് ആണല്ലോ അഭിമുഖ്യം? 
ആ രാഷ്ട്രിയം ലീഗ് വിരുദ്ധം എന്നേയുള്ളു. 
 
കേരളത്തിലെ മുന്നണി ഭരണസംവിധാനത്തില്‍ ലീഗിന് തൃപ്തിയാണോ? പ്രധാന വകുപ്പുകളെല്ലാം കുറെക്കാലമായി ലീഗ് കൈവശം വച്ചിരിക്കുന്നതില്‍ കാര്യമായ അമര്‍മുളളവരുണ്ട്.? 
ആ അമര്‍ഷമൊക്കെ അസൂയ കൊണ്ടുള്ളതാണ്. അര്‍ഹതയുള്ളതേ ലീഗിന് ലഭിച്ചിട്ടുള്ളു. മുന്നണി സംവിധാനം ബാഫഖിതങ്ങള്‍ ഉണ്ടാക്കിയതാണ്. അതിനെ തള്ളിപ്പറയേണ്ട കാര്യമില്ല. 
 
മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ മാറ്റി ഒരു നവോത്ഥാനത്തിനു വഴിയൊരുക്കേണ്ടത് സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലേ? മുസ്ലിംലീഗ് അതു ചെയ്യുന്നുേണ്ടോ? സമുദായ നേതാവ് എന്ന നിലയില്‍ താങ്കള്‍ അതിന് മുന്‍കൈ എടുക്കുമോ? 
സമുദായത്തിന്റെ കാഴ്ചപ്പാട് മാറ്റാനും വിദ്യാഭ്യസപരമായി പുരോഗമതി നേടാനുമുള്ള ശ്രമങ്ങള്‍ ഞങ്ങളുടെ ഭാഗതുനിന്ന് ഉണ്ടാവുന്നുണ്ട്. സെമിനാറുകള്‍, യോഗങ്ങള്‍ ഒക്കെ സംഘടിപ്പിച്ച് ബോധവല്‍ക്കരണം നടത്തുന്നു. സാംസ്കാരികമായുള്ള വളര്‍ച്ച സമുദായതിന് ഉണ്ടാവണം. അതിന് ഊന്നല്‍ കൊടുക്കാനുണ്ട്. മുമ്പ് മലബാറില്‍ ഹൈസ്കൂള്‍ പോലും ദുര്‍ലഭമായിരുന്നു. ഇപ്പോള്‍ ആ നിലയൊക്കെ മാറി. ലീഗ് ഓഫീസുകളോട് ചേര്‍ന്ന് വായനശാല സ്ഥാപിക്കണം എന്ന് പ്രത്യേകം നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
 
രോഗപീഡകള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും പരിഹാരം തേടി തങ്ങളെ ഒട്ടേറെപ്പേര്‍ സമീപിക്കാറുണ്ടല്ലോ? അന്ധവിശ്വാസങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന വിശ്വാസചികില്‍സയാണോ അവര്‍ക്ക് നല്‍കുന്നത്. അതോ യഥാര്‍ത്ഥ മരുന്നോ?
ഞാന്‍ കൊടുക്കുന്നത് മരുന്നാണ്. മന്ത്രവും തന്ത്രവുമൊന്നുമല്ല. അന്ധവിശ്വാസമെന്നൊക്കെ പറഞ്ഞ് അത് വിവാദമാക്കേണ്ട. യൂനാനിയും ആയുര്‍വേദവും ചേര്‍ന്നതാണ് എന്റെ ചികില്‍സാവിധി. അതു കുടുംബത്തിനു പരമ്പരയായി കിട്ടിയ അറിവാണ്. ഞാന്‍ ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കിയിട്ടുമുണ്ട്.
പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ദിവസവും എത്തുന്ന എത്രയോ പേര്‍ക്കാണ് ശിഹാബ് തങങള്‍ സാന്ത്വനമരുളുന്നത്. 
 
വിശ്വാസത്തിന്റെയും കൈപ്പൂണ്യത്തിന്റെയും ഔഷധസ്പര്‍ശം അറിഞ്ഞവരില്‍ സാഹിത്യ അക്കാദമി  പ്രസിഡന്റ് യൂസഫലി കേച്ചേരിയുമുണ്ട്. അദ്ദേഹം ഒരു അനുഭവം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
 
ഞാനും എന്റെ പത്നി കദീജയും കൂടി പാണക്കാട്ട് ചെന്ന് അദ്ദേഹത്തെ  കണ്ടത് ഓര്‍ക്കുന്നു. ഒരു വിഷമഘട്ടത്തെ തരണം ചെയ്യുവാന്‍ വേണ്ടിയാണ് ഞങ്ങള്‍ അദ്ദേഹത്തെ പാണക്കാട് ചെന്നു കണ്ടത്. ഞാനും എന്റെ പത്നിയും ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന്  അദ്ദേഹത്തോട് അപേക്ഷിച്ചു. ഞങ്ങളുടെ ഇന്നത്തെ പ്രയാസങ്ങള്‍ ഇല്ലാതാക്കിത്തരുവാന്‍ പ്രത്യേകിച്ച് അല്ലാഹുവിനോട് ദുആ ചെയ്യണമെന്നും ഞങ്ങള്‍ അപേക്ഷിച്ചു. ഉടനെത്തന്നെ ആ മഹാന്‍ രണ്ടുകൈകളും ഉയര്‍ത്തിക്കൊണ്ട് അറബിയില്‍  ഒരു പ്രാര്‍ത്ഥന ചൊല്ലി. എന്നിട്ട് ഞങ്ങളെ കാപ്പിക്ക് ക്ഷണിച്ചു. വലതുകൈ ഉയര്‍ത്തി എന്റെ ചുമലില്‍ തലോടിക്കൊണ്ട് സ്നേഹത്തോടെ തങ്ങള്‍ പറഞ്ഞു; താങ്കള്‍ പൊയ്ക്കൊള്ളു.  അല്ലാഹു രക്ഷിക്കും. ഞങ്ങള്‍ തിരിച്ചുപോന്നു. പോരുമ്പോള്‍ എന്റെ പത്നി കദീജ നൂറുരൂപയുടെ പത്തുനോട്ടുകള്‍ തങ്ങളുടെ കൈയില്‍ സമര്‍പ്പിച്ചു. ഒട്ടും മടിക്കാതെ അദ്ദേഹം ആ കറന്‍സികള്‍ കൈയിലെടുത്ത് കകദിജയെ തന്നെ തിരിച്ചേല്‍പിച്ചുകൊണ്ടു പറഞ്ഞു; മോളേ, എനിക്കിതൊന്നും വേണ്ട, നിങ്ങള്‍ സമാനത്തോടെ പോയ്ക്കോളൂ. തിരിച്ച് ഞങ്ങള്‍ കേച്ചേരിയിലെ ഞങ്ങളുടെ വസതിയിലെത്തി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങളെ ബാധിച്ച വിഷമഘട്ടം ഞങ്ങളില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്നു എന്ന സന്തോഷ വര്‍ത്തമാനം ഞങ്ങള്‍ക്കുകിട്ടി.'' 
ദിവ്യമായ ഒരു സിദ്ധി അദ്ദേഹത്തിനു കൈവന്നത് നിരന്തരമായ സാധുജനസേവനം ഒന്നുകൊണ്ടു  മാത്രമാണെന്നു ഞാന്‍ കരുതുന്നു.
 
അനിസ്ലാമികം എന്നു കരുതപ്പെടുന്ന പലതിനെയും രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ മുസ്ലിംലീഗിന് ന്യായീകരിക്കേണ്ടിവരില്ലേ? ഉദാഹരണത്തിന് പലിശപാടില്ല എന്ന തത്വം. അതു ലംഘിക്കപ്പെടുകയല്ലേ?
ചില വിട്ടുവീഴ്ചകള്‍ക്ക് നമ്മള്‍ നിര്‍ബന്ധിതരാവും എന്നത് ശരിയാണ്. ഉദാഹരണത്തിന് ഒരാള്‍ ഒരു പുതിയ കാര്‍ വാങ്ങുന്നു. മുഴുവന്‍ പണവും കൊടുത്തായിരിക്കില്ല അതു വാങ്ങുന്നത്. അതിന് ഒരു ബാങ്ക് വായ്പ വേണ്ടിവരാം. അതു രേഖകളില്‍ കാട്ടേണ്ടിവരും. വായ്പയാവുമ്പോള്‍ പലിശയും ഉണ്ടാവും. ഇങ്ങനെ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. 
 
എങ്ങനെയും പണമുണ്ടാക്കണം എന്ന കച്ചവടതാല്‍പര്യങ്ങള്‍ മുസ്ലിം സമുദായം പിന്നിലാണെനനു പറയാന്‍ കഴിയുമോ? 
പണത്തോടുള്ള ആര്‍ത്തി കൂടിവരികയാണെന്നത് ശരിതന്നെ. അതുപക്ഷേ, ഏതെങ്കിലും ഒരു സമുദായത്തിന്റെ പ്രത്യേകതയല്ല. ലോകത്തിന്റെ പൊതഒഴുക്ക് ആ രീതിയിലാണ്. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം കച്ചവടം ചെയ്ത് ലാഭമുണ്ടാക്കുന്നത് നിഷിദ്ധമായ കാര്യമല്ല. റസൂല്‍ (പ്രവാചകന്‍) ചെയ്ത തൊഴിലാണ് കച്ചവടം. പലിശയേ നിഷിദ്ധമായിട്ടുള്ളു. ധനസമ്പാദനം ഒരു തെറ്റായി കാണാന്‍ കഴിയില്ല. പണത്തിനായി പണം ഉണ്ടാക്കരുത് എന്നു പറയാം. കൃത്യമായി ഒരു വിഹിതം സക്കാത്തു കൊടുക്കുക എന്ന കടമ ഓര്‍മപ്പെടുത്താം. പക്ഷേ, കച്ചവടം ചെയ്യരുതെന്നോ, ലാഭമുണ്ടാക്കരുതെന്നോ ഒരു സമുദായ നേതാവിനും പറയാന്‍ കഴിയില്ല. 
 
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമുണ്ടായ വികാരം? അന്ന് ഉറങ്ങാന്‍ കഴിഞ്ഞോ?
നമ്മുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ നടപടികള്‍ ഒന്നും ഉണ്ടാവാതിരിക്കാനാണ് അന്ന് ശ്രദ്ധിച്ചത്. അമ്പലങ്ങളുടെ മതിലില്‍ പോലും ആരും തൊടരുത് എന്ന് സമുദായാംഗങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിച്ചു പ്രസ്താവനയിറക്കി. ഒരു കുഴപ്പവുമുണ്ടായില്ല.
 
അബ്ദുല്‍ നാസര്‍ മഅ്ദനിയോടുള്ള ലീഗിന്റെ നിലപാടില്‍ കാര്യമായ മാറ്റം കാണാനുണ്ടല്ലോ. മമഅദനിയുമായി ഭാവിയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ?
മഅദനിയോട് മാനുഷിക പരിഗണന കാട്ടണം എന്നുപറയുന്നത് ലീഗിന്റെ നിലപാടില്‍ വന്ന മാറ്റമല്ല. മഅദനി ലീഗിനെ എതിര്‍ക്കുന്നയാളാണ്. അദ്ദേഹത്തോടുളള രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവുമില്ല. അദ്ദേഹത്തിന്റെ ജയില്‍മോചനത്തിന്റെ കാര്യമാണെങ്കില്‍ അതു തമിഴ്നാട് സര്‍ക്കാരും കോടതിയും തീരുമാനിക്കേണ്ട കാര്യമാണ്. 
 
ഭാഷാപോഷിണി വാര്‍ഷികപതിപ്പ് 2005
 
 
view all
 
Unending Memories
What was the distinctive character in the...
E. Ahamed read more
 
 
The Blessings of an Unseen Presence
I’ve never seen Sayyid Muhammad Ali Shihab
ONV read more
 
 
Guide and Advisor of Political Kerala
There are many streams for the minority...
Pinarayi Vijayan read more
 
 
 
 
Photo Gallery Wedding Photos With Leaders General Gallery Public Functions
Thangal In Media TV Interviews Interviews Media Write-ups Media Coverage
About Thangal See Video Gallery In Memories
Life And Vision
Geneology
Family
Speeches
Documentaries
Media Coverage
Videos
Written English
Written Malayalam
   
 
My Thangal
Remembering Sayyid Muhammad Ali Shihab Thangal. Share your tribute.
Write your Message
 
Guest Book
Thank you for visiting shihabthangal.org. Share your opinion about website for improvement.
Post your Feedback
Copyright © 2014 www.shihabthangal.org
This web site is best viewed at 1024 x 768 pixels with Internet Explorer in medium text size.
Powerd by